17 സ്റ്റാർട്ടപ്പുകളുടെ പരാജയ ശേഷമാണ് അങ്കുഷ് സച്ദേവ ഷെയർ ചാറ്റ് തുടങ്ങിയത്; ഉറച്ച നിശ്ചയദാർഢ്യത്തിന്റെ കഥ!
ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ട ഒരു സ്വഭാവഗുണമാണ് നിശ്ചയദാർഢ്യം. ഷെയർ ചാറ്റ് സ്ഥാപകനായ അങ്കുഷ് സച്ദേവ 17 സ്റ്റാർട്ടപ്പുകൾ തുടരെ നഷ്‍ടപ്പെട്ട ശേഷമാണ് ഷെയർ ചാറ്റിന് രൂപം നൽകിയത്. നിശ്ചയദാർഢ്യത്താലും തുടരെയുള്ള പരിശ്രമത്താലും വിജയം കൈവരിച്ച മാതൃകാ വ്യക്തിത്വമാണ് സച്ദേവ.
17 സ്റ്റാർട്ടപ്പുകൾ പരാജയപ്പെട്ടു
ഐഐടി കാൺപൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം നേടിയ അങ്കുഷ് സച്ച്ദേവ കോളേജിൽ നിന്ന് നേരിട്ട് തൻ്റെ സംരംഭകത്വ യാത്ര ആരംഭിച്ചു. ആദ്യ 17 സ്റ്റാർട്ടപ്പുകളും പരാജയപ്പെട്ടു. തളരാതെ ഓരോ പരാജയവും വിലപ്പെട്ട പാഠമായും വിജയത്തിനായുള്ള പരിശ്രമം തുടരാനുള്ള പ്രേരണയായും കണ്ട് സച്ദേവ പോരാടി.
ഷെയർചാറ്റ്
2015ൽ സുഹൃത്തുക്കളായ ഫരീദ് അഹ്‌സനും ഭാനു സിങ്ങിനോടും ചേർന്ന് അങ്കുഷ് സച്ദേവ
ഷെയർചാറ്റ് സ്ഥാപിച്ചതോടെ ബിസിനസ്സിൽ ഉയർച്ച കാണാൻ തുടങ്ങി.
ഹിന്ദി, മലയാളം, ഗുജറാത്തി, ബംഗാളി എന്നിവയുൾപ്പെടെ 15 പ്രാദേശിക ഭാഷകളിൽ ഉപയോഗിക്കാവുന്ന ഈ നൂതന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇന്ത്യക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ്. ചെറിയ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ഉപയോക്താക്കൾ ഷെയർചാറ്റ് ഏറ്റെടുക്കുകയും പെട്ടെന്ന് ജനപ്രീതി നേടുകയും ചെയ്തു. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അനുയോജ്യമായ, ഷെയർ ചാറ്റിന്റെ പ്രാദേശികവൽക്കരിച്ച ഡിസൈൻ ഒരു ഗെയിം-ചേഞ്ചർ ആയി മാറി.
ഷെയർചാറ്റിൻ്റെ മൂല്യം ഒരു ബില്യൺ ഡോളർ കടന്നപ്പോൾ അങ്കുഷ് സച്ച്‌ദേവയുടെ സ്ഥിരോത്സാഹതിനും ദീർഘവീക്ഷണത്തിനും ഫലം കണ്ടു. 2022 ജൂണിൽ കമ്പനിയുടെ മൂല്യം 40,000 കോടി രൂപയായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.