ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പായ HEX20, 2025 ഫെബ്രുവരിയിൽ സ്പേസ്എക്‌സിന്റെ ട്രാൻസ്‌പോർട്ടർ-13 മിഷനിൽ പങ്കുചേരാൻ ഒരുങ്ങുകയാണ്. അവരുടെ ആദ്യ വിക്ഷേപണ സാറ്റലൈറ്റിന് ‘നിള’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതോടെ സ്പേസ്എക്‌സുമായി സഹകരിക്കുന്ന കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പായ HEX20 അവരുടെ ആദ്യ സാറ്റലൈറ്റ് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്.
സംസ്ഥാനത്തിന് പ്രചോദനമായി നിള നദിയുടെ പേരിലും HEX20 സ്ഥിതിചെയ്യുന്ന ടെക്നോപാർക്ക് ബിൽഡിംഗിന്റെ പേരിലും നാമകരണം ചെയ്യപ്പെട്ട ‘നിള’ മലയാളികളുടെ അഭിമാനമായി മാറുകയാണ്.
സാറ്റലൈറ്റ് നിയന്ത്രണത്തിനായി തിരുവനന്തപുരം മരിയൻ എൻജിനീയറിങ് കോളേജിൽ HEX20 ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കാനും ടാലന്റഡ് ആയവർക്ക് ആധുനിക സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്നതിനും ഒരുങ്ങുകയാണ്. ഇതിനായി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി HEX20 നൂതന സാറ്റലൈറ്റ് വികസനത്തിൽ സഹകരിക്കുന്നതിനായി ധാരണാപത്രങ്ങൾ ഒപ്പിട്ടു. കേരളത്തിന്റെ ബഹിരാകാശ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ HEX20 ന്റെ പ്രവർത്തനങ്ങൾ സഹായിക്കും.
ISRO, KSUM, IN-SPACe എന്നീ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് 2025 ന്റെ അവസാനം ISROയുടെ PSLV ഉപയോഗിച്ച് 50 കിലോഗ്രാം ഭാരമുള്ള സാറ്റലൈറ്റ് വിക്ഷേപിക്കുന്നതിനുള്ള പദ്ധതികളിലാണ് HEX20.