ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് രംഗം വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ വേഗത്തിലുള്ള ഡെലിവെറിയും ഓഫറുകളും ഉപയോക്താക്കളെ ആകർഷിക്കുന്നതിനാൽ പലചരക്ക് കടകളെയും വഴിയോര കച്ചവടക്കാരെയും ക്വിക്ക് കൊമേഴ്സ് രംഗം വളരെയധികം ബാധിക്കുന്നുണ്ട്. നഗരങ്ങളിൽ വളരെ വേഗത്തിൽ ക്വിക് കൊമേഴ്സ് രംഗം വളരുന്നതിനാൽ നിരവധി കടകൾ അടച്ചു പൂട്ടേണ്ടി വന്നു.
ഇത്തരത്തിൽ ബാംഗ്ലൂരിലെ പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളും വഴിയോര കച്ചവടക്കാരും തമ്മിലുള്ള ഒരു വ്യത്യസ്തമായ ഏറ്റുമുട്ടൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. കരിക്ക് വില്പനക്കാർ അവരുടെ വഴിയോര വ്യാപാര സ്ഥലത്തു “Rs 55 മാത്രം” എന്ന വിലയിൽ കരിക്ക് വിൽക്കുന്ന ഒരു ബോർഡ് പ്രദർശിപ്പിച്ചു. അതിൽ സെപ്റ്റോ, സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, ബിഗ്ബാസ്കറ്റ് എന്നിവയുടെ ഉയർന്ന നിരക്കുകളോട് താരതമ്യം ചെയ്താണ് കച്ചവടക്കാർ വിലനിലവാരം കുറിച്ചിരിക്കുന്നത്.
‘നിതീഷ് റവെല്ല’ എന്ന പേരിലുള്ള എക്സ് ഉപയോക്താവാണ് ഫോട്ടോ അടക്കം പോസ്റ്റ് പങ്കുവെച്ചത്. “നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തു കൊണ്ടിരിക്കുക, കാരണം ജീവിതത്തിലെ 10% മാത്രമേ സംഭവിക്കുന്നതായിട്ടുള്ളൂ, 90% നമ്മുടെ പ്രതികരണം തന്നെയാണ്,” എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്. പിന്നീട്, ‘പീക്ക് ബംഗളൂരു’ എന്ന പേജ് ഈ പോസ്റ്റ് ഷെയർ ചെയ്തപ്പോൾ ഒരു ചര്ച്ചയ്ക്കുതന്നെ വഴി തുറന്നു.