ഇന്ത്യൻ സാസ് (SaaS) ഭീമനായ സോഹോ (Zoho) വിവിധ ബിസിനസ്സ് ആപ്ലിക്കേഷനുകളിലായി 100 ദശലക്ഷം ഉപയോക്താക്കളെ മറികടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മറ്റ് നിക്ഷേപങ്ങളൊന്നും നേടാതെയാണ് സോഹോ ഈ നേട്ടം കൈവരിച്ചത്. 28 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ സോഹോ ഇപ്പോൾ 150 രാജ്യങ്ങളിലായി 7 ലക്ഷത്തിലധികം ബിസിനസുകൾക്ക് സേവനം നൽകുന്നു.
സാധാരണ മാർക്കറ്റിങ് രീതികളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന സോഹോ, ലോകോത്തര വിപണി കീഴടക്കിയ ഒരു മാതൃകാ കമ്പനിയാണ്. ബൂട്ട്സ്ട്രാപ്പിലൂടെ ഗ്രാമീണ ഇന്ത്യയെ ലക്ഷ്യം വെച്ച് തുടങ്ങിയ കമ്പനി ഒരു ആഗോള നേതാവായി മാറിയതിൻ്റെ കഥയാണിത്. അതുല്യമായ കാഴ്ചപ്പാടും അചഞ്ചലമായ പ്രതിബദ്ധതയുടെയും യാത്ര.
സോഹോ എങ്ങനെയാണ് ഒരു ആഗോള സാസ് പവർഹൗസായി മാറിയത്?
സ്ഥാപകനായ ശ്രീധർ വെമ്പുവിൻ്റെ ദീർഘവീക്ഷണവും മികച്ച നേതൃത്വവും കൈമുതലാക്കിയ സോഹോ, ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും നൂതനമായതുമായ ആശയങ്ങളും കൊണ്ടുവന്ന് വളർച്ച കൈവരിച്ച കമ്പനിയാണ്.
- നിക്ഷേപകരുടെ ഇടപെടലുകൾ ഇല്ലാത്ത തീരുമാനങ്ങൾ
നിക്ഷേപങ്ങളുടെ സഹായങ്ങളൊന്നുമില്ലാതെ ബൂട്ട്സ്ട്രാപ്പിങ്ങിലൂടെ നിർമ്മിച്ച കമ്പനിയാണ് സോഹോ. യഥാർത്ഥത്തിൽ അതുതന്നെയാണ് സോഹോയുടെ വിജയത്തിനും കാരണമായത്. ഓർഗാനിക്കായി വളരാൻ തീരുമാനമെടുത്തതിലൂടെ, കമ്പനിയെ സംബന്ധിക്കുന്ന പ്രധാന തീരുമാനങ്ങൾ സ്വയമെടുക്കാൻ ഇത് സഹായിച്ചു.
ഈ സ്വാതന്ത്ര്യം, മറ്റ് നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്ന സമ്മർദ്ദങ്ങളില്ലാതെ, ലാഭം നേരിട്ട് ഗവേഷണ-വികസനത്തിലേക്കും ദീർഘകാല നവീകരണത്തിലേക്കും വീണ്ടും നിക്ഷേപിക്കാൻ കമ്പനിയെ സഹായിച്ചു. അധികമാരും തിരഞ്ഞെടുക്കാത്ത ഈ പാത സോഹോയെ സംബന്ധിച്ചിടത്തോളം, സുസ്ഥിരവും ലാഭകരവുമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിനുള്ള താക്കോലായി മാറി.
ബിസിനസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 55-ലധികം ബിസിനസ്സ് ആപ്ലിക്കേഷനുകൾ സോഹോ വാഗ്ദാനം ചെയ്യുന്നു. CRM, HR, അക്കൗണ്ടിംഗ്, മാർക്കറ്റിംഗ് ഓട്ടോമേഷൻ തുടങ്ങി ഓരോ ആപ്ലിക്കേഷനുകളും ഒരു പ്രത്യേക പ്രശ്നം പരിഹരിക്കാൻ രൂപകൽപ്പന ചെയതതാണ്. ഇതിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് (SMBs), സോഹോ ഒരു സമഗ്രമായ പരിഹാരം നൽകുകയും അവരുടെ എല്ലാ പ്രവർത്തനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ നിന്ന് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഈ ഓൾ-ഇൻ-വൺ സമീപനം ഒന്നിലധികം ടൂളുകൾ ആവശ്യമുള്ള എസ്എംബികൾക്ക് വളരെയധികം സഹായകമായി. സ്വിസ് നൈഫ് അപ്രോച്ച് എന്നാണ് ഈ രീതിയെ പറയുന്നത്.
2. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം
ബ്രാൻഡ് വളർച്ചയെക്കാളുപരി സോഹോ പഭോക്തൃ സമീപനം ഏറ്റവും മികച്ചതാക്കാൻ ശ്രദ്ധിച്ചു. താങ്ങാനാവുന്ന വിലയിൽ പ്രവർത്തനക്ഷമമായ ആപ്ലിക്കേഷനുകൾ നൽകി SMB-കളുടെ വളർച്ചയിൽ സഹായിച്ചു. ഇതിലൂടെ സോഹോയുടെ ബിസിനസ് അടിത്തറ ഏറ്റവും ഉറപ്പുള്ളതാക്കി മാറ്റി
കമ്പനിയുടെ സോഹോ വൺ, എസ്എംബി ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കിയതോടെ സോഹോയെ വിപണിയുടെ ഒരു പ്രധാന പങ്ക് പിടിച്ചെടുക്കാൻ സഹായിച്ചു.
3. ഉപയോക്താക്കളെ ആകർഷിക്കുന്ന ബിസിനസ് സ്ട്രാറ്റജി.
▶️സോഹോയുടെ ടൂളുകളുടെ മൂല്യം നേരിട്ട് മനസ്സിലാക്കാൻ ഉപയോക്താക്കൾക്കായി സൗജന്യ ട്രയലുകൾ, ഉൽപ്പന്ന ഡെമോകൾ, വിശദമായ കേസ് പഠനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
▶️സോഹോയുടെ സെയിൽസ് ടീം ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ പരിഹാരങ്ങൾ നൽകി സഹായിക്കുന്നു
▶️ഓരോ കമ്പനിക്കും അനുയോജ്യമായ നിർദ്ദേശങ്ങൾ, ആകർഷകമായ പേയ്മെന്റ് ഓപ്ഷനുകൾ എന്നിവ നൽകുന്നു.
▶️സോഹോയുടെ ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് തുടർച്ചയായ പിന്തുണയും തുടർച്ചയായ ഉൽപ്പന്ന അപ്ഡേറ്റുകളും (ഉപഭോക്തൃ റിവ്യൂകൾ, പരിശീലന വീഡിയോകൾ ) നൽകുന്നു.
▶️പതിവ് ചെക്ക്-ഇന്നുകൾ, ഉപയോക്തൃ കമ്മ്യൂണിറ്റി ആക്സസ്, വിപുലമായ പരിശീലന സെഷനുകൾ എന്നിവ സോഹോയുടെ ടൂളുകളുമായുള്ള ഇടപഴകൽ വർദ്ധിപ്പിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.
▶️ഉപഭോക്തൃ താല്പര്യവും ഫീഡ്ബാക്കും മനസ്സിലാക്കുന്നതിലൂടെ, സോഹോ അതിൻ്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും തുടർച്ചയായി പരിഷ്കരിക്കുന്നു.
▶️ഓരോ ഘട്ടത്തിലും ഇടപാടുകാരെ, പണം നൽകുന്ന ഉപഭോക്താക്കളാക്കി മാറ്റുന്നതിൽ സോഹോ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
4. ഗവേഷണത്തിന്റെ പ്രാധാന്യം
സോഹോയെ സംബന്ധിച്ചിടത്തോളം, ഇന്നൊവേഷൻ എന്നത് കമ്പനിയുടെ ജീവരക്തമാണ്. സോഹോ അതിൻ്റെ വരുമാനത്തിൻ്റെ 60% ഗവേഷണത്തിനും വികസനത്തിനുമായി നിക്ഷേപിക്കുന്നു. ഇത് സോഹോയിൽ ഉപഭോക്താക്കളെ നിലനിർത്തുന്നതിന്റെ പ്രധാന കാരണമായി മാറുകയും ചെയ്തു.
B2B സാസ് വ്യവസായം ആഗോളതലത്തിൽ വേഗത്തിൽ വളർച്ച കൈവരിക്കുന്ന മേഖലയാണ്. 2030-ഓടെ വിപണി വലുപ്പം $1 ട്രില്യൺ ആകുന്നാണ് കരുതുന്നത്. ഇന്ത്യയിൽ, സാസ് മാർക്കറ്റ് പ്രത്യേകിച്ചും ഊർജ്ജസ്വലമാണ്. കൂൺ പോലെ മുളയ്ക്കുന്ന SMB-കൾക്ക് സഹായകമാകാനും സാസ് സൊല്യൂഷനുകൾക്കായി വർദ്ധിച്ചുവരുന്ന ഡിമാൻഡും സോഹോ പോലുള്ള കമ്പനികളെ ഈ മേഖലയിൽ കൂടുതൽ ഉയരങ്ങളിലേക്കെത്താൻ സഹായിക്കുന്നു.