2030-ഓടെ കുറഞ്ഞത് 1 ലക്ഷം വനിതാ ഡെലിവറി പാർട്നേഴ്സിനെ ഉൾപ്പെടുത്താൻ പദ്ധതിയിട്ട് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. അവർക്ക് വേണ്ടി ഒരു സാമ്പത്തിക സാക്ഷരതാ പദ്ധതി ആവിഷ്കരിക്കുന്നതിന് എൻഎസ്ഇയുമായി പ്രാരംഭ കരാറിലും സ്വിഗ്ഗി ഒപ്പുവച്ചു.
സ്വിഗ്ഗി എംഡിയും ഗ്രൂപ്പ് സിഇഒയുമായ ശ്രീഹർഷ മജെറ്റി, എൻഎസ്ഇ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആശിഷ് കുമാർ ചൗഹാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ഭാര്യയും ബാങ്കറുമായ അമൃത ഫഡ്നാവിസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ കമ്പനി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
2024ൽ ഏറ്റവുമധികം ഓർഡറുകൾ പൂർത്തിയാക്കിയ പത്ത് വനിതാ ഡെലിവറി എക്സിക്യൂട്ടീവുകളെ ചടങ്ങിനിടെ അനുമോദിച്ചു, ഓരോരുത്തർക്കും 11,000 രൂപയുടെ ചെക്ക് ലഭിച്ചു.
ഡെലിവറി പങ്കാളികൾക്കുള്ള സമഗ്ര സാമ്പത്തിക സാക്ഷരതാ പരിപാടിയിൽ സെബി സർട്ടിഫൈഡ് പരിശീലകർ നയിക്കുന്ന ഇൻ്ററാക്ടീവ് പരിശീലന സെഷനുകൾ അവതരിപ്പിക്കും, ബജറ്റിംഗ്, നിക്ഷേപങ്ങൾ, ഡെറ്റ് മാനേജ്മെൻ്റ്, ക്യാപിറ്റൽ മാർക്കറ്റുകൾ തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ ഉൾക്കൊള്ളുന്നു.