ലോകം ഡിജിറ്റൽ യുഗത്തിലേക്ക് അതിവേഗം കുതിക്കുകയാണ്. പണമടയ്ക്കുന്നതിനുപോലും ഇനി നമ്മൾ നേരിട്ട് പോകേണ്ടതില്ല, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി എല്ലാം സാധ്യമാണ്. ഡോക്ടറെ കാണാൻ പോലും ഇനി ക്ലിനിക്കിൽ എത്തേണ്ടതില്ല, വീട്ടിലിരുന്ന് തന്നെ വീഡിയോ കോൾ വഴി അപ്പോയ്ന്റ്മെന്റ് എടുക്കാം. ഈ മാറ്റങ്ങളെല്ലാം ഡിജിറ്റൽ പരിഷ്കാരങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളാണ്. ഇത്തരം മാറ്റങ്ങൾ പഴയ രീതികളെ പുതുക്കുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ മാറുന്ന കാലത്ത്, 2025 ൽ, വരും വർഷങ്ങളിൽ ഏതൊക്കെ മേഖലകളാണ് കൂടുതൽ ഉയർച്ച കൈവരിക്കാൻ സാധ്യതയുള്ളതെന്ന് നമുക്ക് നോക്കാം.
ഇനി നമുക്ക് 2025-ൽ തിളങ്ങാൻ സാധ്യതയുള്ള മേഖലകളേതൊക്കെ? നിക്ഷേപ സാധ്യതകൾ എങ്ങനെ എന്നെല്ലാം നോക്കാം.
1.ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസുകൾ:
ഓൺലൈൻ ബാങ്കിംഗ്, ഡിജിറ്റൽ പേയ്മെന്റുകൾ തുടങ്ങിയ മേഖലകളിലെ കമ്പനികൾ വളരെ വേഗത്തിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ഇന്ത്യയിൽ 40 കോടിയിലധികം ആളുകൾ ഫോർമൽ ഫിനാൻഷ്യൽ സർവീസുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് രാജ്യത്തെ ധനകാര്യ സാക്ഷരത വർദ്ധിച്ചതിന്റെ ഫലമാണ്. അടുത്ത പത്തു വര്ഷത്തിനുള്ളിൽ വർഷം തോറും ഉപഭോക്താക്കൾ ചെലവഴിക്കുന്ന തുക 6-7% വർദ്ധിക്കുമെന്നാണ് പ്രതീക്ഷ,” എന്ന് അഗ്നാം അഡ്വൈസേഴ്സിന്റെ സ്ഥാപകനും സിഇഒയുമായ പ്രശാന്ത് മിശ്ര പറയുന്നു.
2.ഇൻഫർമേഷൻ ടെക്നോളജി (ഐടി):
ഇന്ത്യൻ ഐടി കമ്പനികൾ വളരെ വേഗത്തിലാണ് വളർച്ച കൈവരിക്കുന്നത്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ അനലിറ്റിക്സ് എന്നിവയിലെ ഉയർന്ന ആവശ്യകതയും ടെക്നോളജിയുടെ വേഗത്തിലുള്ള വളർച്ചയും കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് വരുന്നതും ഐടി മേഖലയുടെ വളർച്ച കാണിക്കുന്നു.
3.FMCG സെക്ടർ
ദിവസേനെ ആവശ്യമുള്ളതും താരതമ്യേന ചിലവ് കുറഞ്ഞതുമായ ഉത്പന്നങ്ങളാണ് FMCG യിൽ വരുന്നത്. ഉദാഹരണം, സോപ്പ്, പേസ്റ്റ്, ഫുഡ് ഐറ്റംസ്
ഇന്ത്യയിലെ ജനങ്ങളുടെ വരുമാനം വർദ്ധിക്കുന്നതോടെ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ആവശ്യവും വർദ്ധിക്കും. അതുകൊണ്ട് തന്നെ ഈ മേഖലയിലെ കമ്പനികളുടെ വരുമാനവും വർദ്ധിക്കും.
4.ആരോഗ്യം& ഫാർമസി
ലോകത്ത് ഏറ്റവും വലിയ ജനറിക് മരുന്ന് നിർമ്മാതാക്കളിൽ പ്രധാനിയാണ് ഇന്ത്യ. പ്രത്യേകിച്ച് കോവിഡ് മഹാമാരിയ്ക്ക് ശേഷം കൂടുതൽ നിക്ഷേപവും വളർച്ചയും ആരോഗ്യരംഗം കൈവരിച്ചു .ബയോടെക്നോളജി, ടെലിമെഡിസിൻ തുടങ്ങിയ മേഖലകളിലെ വളർച്ച ഈ മേഖലയെ കൂടുതൽ ആകർഷകമാക്കുന്നു. വരും വർഷങ്ങളിൽ കൂടുതൽ ഉയർച്ച ഈ മേഖല കൈവരിക്കും.
5.നിർമ്മാണമേഖല
സർക്കാർ നിർമ്മാണ മേഖലയുടെ വികസനത്തിന് വലിയ തുകയാണ് മാറ്റിവെച്ചിരിക്കുന്നത്. നിർമ്മാണ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേകം പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ, റെയിൽവേസ്, മെട്രോ പദ്ധതികൾ തുടങ്ങിയ മേഖലകളിൽ വരും വർഷങ്ങളിൽ വലിയ വളർച്ചാ സാധ്യതയാണുള്ളത്.
6.റിയൽ എസ്റ്റേറ്റ്
നഗരങ്ങളിലേക്കുള്ള ജനസംഖ്യാ വർദ്ധനവ് റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം പ്രീമിയം പ്രോപ്പർട്ടികളുടെ ആവശ്യകതയും വർധിച്ചു. ലക്ഷറി അപ്പാർട്ട്മെന്റുകൾ, വില്ലകൾ എന്നിവയ്ക്കുള്ള ആവശ്യം ദിനം തോറും വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വികസന സാധ്യതയുള്ള മറ്റ് മേഖലകൾ
- റിന്യൂവബിൾ എനർജി: സോളാർ, വിൻഡ് എനർജി തുടങ്ങിയ മേഖലകൾ
- ഡിജിറ്റൽ വിദ്യാഭ്യാസം: ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകൾ
- ഓൺലൈൻ കോമേഴ്സ് : ഓൺലൈൻ കൊമേഴ്സ്, ക്വിക് കൊമേഴ്സ് രംഗം ദിനം പ്രതി വളർച്ച കൈവരിക്കുകയാണ്
നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ദീർഘകാലത്തേക്ക് നിക്ഷേപിക്കുക: കുറഞ്ഞത് 5 വർഷമെങ്കിലും നിക്ഷേപിക്കുക.
- പല നിക്ഷേപം: ഒരേ ഒരു മേഖലയിൽ മാത്രം നിക്ഷേപിക്കരുത്, വിവിധ മേഖലകളിൽ നിക്ഷേപിക്കുക.
- ഫൈനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുക: നിക്ഷേപം നടത്തുന്നതിന് മുമ്പ് ഒരു ഫൈനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുക.