ഇന്ത്യയിൽ ബിസിനസ് ആരംഭിക്കുന്നതിന് നിരവധി പേരാണ് ഓരോ വർഷവും പുതിയതായി മുന്നോട്ട് വരുന്നത്. എന്നാൽ പ്രാദേശിക തലത്തിൽ ഒരു ബിസിനസ് തുടങ്ങുമ്പോൾ പുതിയതായി ബിസിനസിലേക്ക് കടന്നുവരുന്ന ഒരാൾക്ക് നിരവധി നിയന്ത്രണങ്ങളും പ്രശ്ങ്ങളും നേരിടേണ്ടി വരുന്നു. ഇത് ബിസിനസിലേക്കുള്ള ആളുകളുടെ താൽപര്യം കുറയ്ക്കുന്നു.
ഭൂമി കെട്ടിടം വൈദ്യുതി തുടങ്ങിയുമായി ബന്ധപ്പെട്ട പല നിയന്ത്രണങ്ങളും ബിസിനസുകളെ കാര്യമായി ബാധിക്കുന്നു എന്ന് കണ്ടെത്തി. ഇത്തവണത്തെ സാമ്പത്തിക സർവ്വേയിൽ ബിസിനസ് സൗഹൃദമാക്കുന്ന നയങ്ങൾ രൂപീകരിക്കണമെന്നും കൂടുതൽ ബിസിനസ് ഇന്ത്യയിലേക്ക് എത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി. പ്രാദേശിക തലത്തിൽ ബാധകമായ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി പ്രവർത്തിക്കണമെന്നും സർവ്വേയിൽ പറയുന്നു.
ബിസിനസ് നടത്തുന്നതിന്റെ ചെലവ് കുറയ്ക്കുന്നതിലൂടെ കൂടുതൽ നിക്ഷേപങ്ങൾ ബിസിനസിലേക്ക് എത്തുന്നു. ഇത് കൂടുതൽ ആളുകളെ ജോലിക്ക് എടുക്കുന്നതിലേക്കും ബിസിനസ് വരുമാനം കൂടുന്നതിലേക്കും അതുവഴി ഇന്ത്യയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുന്നതിലേക്കും നയിക്കുന്നു എന്ന് അനന്ത നാഗേശ്വരൻ പറഞ്ഞു.
ഇന്ത്യ പ്രൊഡക്ടുകൾക്ക് വേണ്ടി ചൈനയെ വൻതോതിൽ ആശ്രയിക്കുന്നത് സാമ്പത്തിക സർവ്വേയിൽ എടുത്തു പറഞ്ഞു. ഒരു രാജ്യത്തെ പ്രോഡക്ടുകൾക്കുവേണ്ടി എപ്പോഴും ആശ്രയിക്കുന്നത് ഭാവിയിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് പ്രശ്നമാകുമെന്ന് ചൂണ്ടിക്കാട്ടി. ഇതിനൊരു പരിഹാരം എന്നോണം ഇന്ത്യൻ ബിസിനസുകൾ കൂടുതൽ നിക്ഷേപങ്ങളെ ആകർഷിച്ച് ആഭ്യന്തര ഉൽപാദനം കൂട്ടണമെന്നും നിർദ്ദേശങ്ങൾ ഉണ്ട്.
നിലവിലെ തൊഴിൽ സമയം പരിമിതപ്പെടുത്തിയുള്ള രീതി സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമല്ലെന്നും സർവ്വേ ചൂണ്ടിക്കാട്ടി. ഫ്ലെക്സിബിൾ ആയ തൊഴിൽ സമയമാണ് ആവശ്യമെന്ന് നിർദ്ദേശം വെച്ചു. തൊഴിലിടത്തെ ആവശ്യകത കൂടുന്നതിന് അനുസരിച്ച് കൂടുതൽ സമയം ജോലി ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് സമയക്രമം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.