ആഗോള ശരാശരിയുടെ ഇരട്ടിയിലധികം (65%) ആളുകൾ ഇന്ത്യയിൽ AI ഉപയോഗിക്കുന്നതായി മൈക്രോസോഫ്റ്റിന്റെ പഠനം. ഇന്ത്യയിലെ ജനങ്ങൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അതിവേഗം സ്വീകരിച്ചതിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മൈക്രോസോഫ്റ്റിന്റെ ഈ സർവേ. ഇതിൽ പങ്കെടുത്ത 65% ഇന്ത്യക്കാരും AI ഉപയോഗിച്ചതായി കണ്ടെത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന ഈ ഗ്ലോബൽ ഓൺലൈൻ സേഫ്റ്റി സർവേ ചൊവ്വാഴ്ചയാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്. 2024 ജൂലൈ 19 നും ഓഗസ്റ്റ് 9 നും ഇടയിൽ 15 രാജ്യങ്ങളിലായി 15,000 കൗമാരക്കാരിലും (13-17) മുതിർന്നവരിലും നടത്തിയ സർവേ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണ് പുറത്തിറക്കിയത്. സർവേയിൽ പ്രതികരിച്ചവരിൽ 65% പേർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (+26%) ഉപയോഗിച്ചു. ഇതേ കാലയളവിലെ ആഗോള ശരാശരിയായ 31% ത്തിന്റെ ഇരട്ടിയിലധികമാണിത്.
AI യിലെ ട്രാൻസ്ലേഷൻ, ചോദ്യങ്ങൾക്ക് ഉത്തരം, ജോലിസ്ഥലത്തെ കാര്യക്ഷമത കൂട്ടൽ, സ്കൂൾ ഹോംവർക്കുകളിൽ വിദ്യാർത്ഥികളെ സഹായിക്കുക എന്നിവയിലാണ് ഇന്ത്യയിലെ ആളുകൾ ഏറ്റവും അധികം AI ഉപയോഗിക്കുന്നത്. മില്ലേനിയൽ (25-44 വയസ്സ് പ്രായമുള്ളവർ) പ്രായത്തിലുള്ളവരാണ് ഏറ്റവും കൂടുതൽ (84%) AI ഉപയോഗിക്കുന്നത്.
ഓൺലൈൻ ദുരുപയോഗം, ഡീപ്ഫേക്കുകൾ, തട്ടിപ്പുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അമിതോപയോഗം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും സർവേ ചൂണ്ടിക്കാണിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച പ്രധാന ആശങ്കകളിൽ ഒന്നാണ് ഓൺലൈൻ ദുരുപയോഗം. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തെക്കുറിച്ച് 80% പേരും ആശങ്കാകുലരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 80% ഇന്ത്യൻ കൗമാരക്കാരും ഓൺലൈൻ അപകടസാധ്യത അനുഭവിച്ചതായും പറഞ്ഞു.