ഇന്ത്യയിലെ ഏറ്റവും വേഗത്തിലുള്ള ഡെലിവറി സേവനം ഉറപ്പാക്കുന്നതിനായി കേരളം ആസ്ഥാനമായുള്ള കിരാനപ്രോ ഒഎൻഡിസി (Open Network for Digital Commerce)-യുമായി കൈകോർക്കുന്നു. ഇതോടെ ഇന്ത്യയിലെ ആദ്യ ഒഎൻഡിസി-പവർ ചെയ്ത ക്വിക്ക് കോമേഴ്സ് കമ്പനിയായി കിരാനപ്രോ മാറി. വളരെ വേഗത്തിൽ പ്രൊഡക്ടുകൾ ഡെലിവറി ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഒഎൻഡിസി (ONDC)
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് സർക്കാർ നേതൃത്വത്തിലുള്ള ഒരു സംരംഭമാണ്. ഇവിടെ വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകുന്നു. ഡിജിറ്റൽ കോമേഴ്സ് പ്ലാറ്റ്ഫോമുകളെയും കസ്റ്റമേഴ്സിനെയും ഒരു സ്ഥലത്തു ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്. കസ്റ്റമേഴ്സിന് ഓൺലൈൻ ആയി വ്യത്യസ്ത വിലകൾ താരതമ്യം ചെയ്ത് വേഗത്തിലും അഫോർഡബിൾ ആയും സാധനങ്ങൾ വാങ്ങാൻ ഇതിലൂടെ സാധിക്കുന്നു.
ഈ സംയോജനത്തിലൂടെ, രാജ്യവ്യാപകമായി ദശലക്ഷക്കണക്കിന് കിരാന സ്റ്റോർ ഉടമകളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിന് സാധിക്കുന്നുവെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യവുമായ ഇ കോമേഴ്സിനായി പൊതു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണിതെന്നും കിരാനാപ്രോയുടെ ഔദ്യോഗിക റിലീസിൽ പറയുന്നു.
ഒഎൻഡിസി-ഇൻ്റഗ്രേഷൻ കിരനാപ്രോയെ ഇന്ത്യയിലുടനീളമുള്ള ഏഴ് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത കച്ചവടക്കാരെ നിന്ന് പ്രൊഡക്ടുകൾ ലഭ്യമാക്കാനും, ചെറുകിട റീട്ടെയിലർമാരുടെ വേഗത്തിലുള്ള വിപുലീകരണത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകും.
“കിരാനപ്രോയുടെ ഹൈപ്പർലോക്കൽ മോഡൽ തൊട്ടടുത്തുള്ള പലചരക്ക് കടകളെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഇത് വിശാലവും വൈവിധ്യപൂർണ്ണവുമായ പ്രൊഡക്ടുകൾ ഉറപ്പാക്കുകയും ചെറുകിട കച്ചവടക്കാർക്ക് ട്രസ്റ്റ്, കമ്മ്യൂണിറ്റി എൻഗേജ്ജ്മെന്റ്, എക്കൊണോമിക്കൽ സ്റ്റബിലിറ്റി എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു.
“രാജ്യവ്യാപകമായ ഒഎൻഡിസി നെറ്റ്വർക്കിലേക്ക് നേരിട്ട് സംയോജിപ്പിച്ചിരിക്കുന്നത് ഞങ്ങളുടെ പ്രവർത്തനങ്ങളിലൂടെ വിവിധ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കിരാന സ്റ്റോറുകളെ അതിവേഗം വിപുലീകരിക്കാൻ സഹായിക്കുന്നു,” അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് സ്റ്റോറുകളെ ശാക്തീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ഇത് കാര്യമായ വരുമാനം ഉണ്ടാക്കാനും മാർക്കറ്റിലെ വലിയ കളിക്കാരുമായി മത്സരിക്കാനും അവരെ പ്രാപ്തരാക്കുന്നു എന്നും കിരാനപ്രോയുടെ സഹസ്ഥാപകനും സിഇഒയുമായ ദീപക് രവീന്ദ്രൻ പറയുന്നു.
വർഷാവസാനത്തോടെ ഒരു ദശലക്ഷത്തിലധികം കച്ചവടക്കാരെ ഉൾപ്പെടുത്താനാണ് കിരാനപ്രോ ലക്ഷ്യമിടുന്നത്. ഓർഡർ ചെയ്യുന്ന സാധനങ്ങൾ 10 മിനിറ്റിൽ വീട്ടിൽ എത്തിക്കുന്ന ക്വിക്ക് ഡെലിവറി പ്ലാറ്ഫോമാണ് കിരാനപ്രോ. കസ്റ്റമേഴ്സിനെ അടുത്തുള്ള സ്റ്റോറുകളിൽ നിന്നും കളക്ട് ചെയ്ത സാധനങ്ങളായിരിക്കും കമ്പനി ഡെലിവറി ചെയ്യുന്നത്. കിരാനപ്രോ സഹസ്ഥാപകനും സിഇഒയുമായ ദീപക് രവീന്ദ്രൻ തൃശൂർക്കാരനാണ്.
