S1445-01-01

സാർവം എഐ: ഇന്ത്യയുടെ 130-ാമത് യൂണികോൺ പദവിയിലേക്ക്

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമ്മിത ബുദ്ധി (AI) സ്റ്റാർട്ടപ്പായ ‘സാർവം എഐ’ (Sarvam AI), പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 234 മില്യൺ ഡോളർ (ഏകദേശം 2,210 കോടി രൂപ) സമാഹരിച്ച് ഇന്ത്യയുടെ 130-ാമത് യൂണികോൺ കമ്പനിയായി മാറി. മുൻനിര ഐടി കമ്പനിയായ എച്ച്സിഎൽ ടെക് (HCLTech) നേതൃത്വം നൽകിയ ഈ നിക്ഷേപത്തോടെ സാർവത്തിന്റെ ആകെ മൂല്യം 1.5 ബില്യൺ ഡോളറായി ഉയർന്നു. ഈ പുതിയ മൂലധനം അടുത്ത തലമുറ എഐ മോഡലുകളുടെ ഗവേഷണത്തിനും, സൈബർ സുരക്ഷാ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും, കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കുന്നതിനുമായാണ് കമ്പനി വിനിയോഗിക്കുക.

2023-ൽ പ്രത്യുഷ് കുമാറും വിവേക് രാഘവനും ചേർന്ന് സ്ഥാപിച്ച ഈ കമ്പനി, ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന സാർവം-1, സാർവം-105B തുടങ്ങിയ നിരവധി നൂതന എഐ മോഡലുകൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ബാങ്കിംഗ്, ഇൻഷുറൻസ്, പ്രതിരോധം, സർക്കാർ മേഖലകൾ എന്നിവടങ്ങളിലെല്ലാം സാർവത്തിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 1.5 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം, ഈ വർഷം 45.1 കോടി രൂപയായി വൻതോതിൽ വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

സാർവത്തിന്റെ വോയ്‌സ് എഐ ബിസിനസ്സാണ് കമ്പനിയുടെ പ്രധാന വരുമാന മാർഗ്ഗം. ഇവരുടെ കോൺവർസേഷണൽ എഐ പ്ലാറ്റ്‌ഫോം വഴി പ്രതിദിനം 20 ലക്ഷത്തിലധികം ആശയവിനിമയങ്ങളാണ് നടക്കുന്നത്. വൻകിട കോർപ്പറേറ്റുകൾക്ക് പുറമെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ബിസിനസുകൾക്കുമായി തങ്ങളുടെ പ്ലാറ്റ്‌ഫോം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ. കൂടാതെ, ബഹിരാകാശ സാങ്കേതികവിദ്യ രംഗത്തെ സ്റ്റാർട്ടപ്പായ പിക്സലുമായി (Pixxel) സഹകരിച്ച് 2026-ൽ വിക്ഷേപിക്കാനിരിക്കുന്ന ഓർബിറ്റൽ ഡാറ്റാ സെന്റർ സാറ്റലൈറ്റായ ‘പാത്ത്ഫൈൻഡർ’ വികസിപ്പിക്കാനും സാർവം പങ്കാളികളായിട്ടുണ്ട്.

Category

Author

:

Gayathri

Date

:

ജൂൺ 15, 2026

Share

:

Join our WhatsApp Group for more updates!

Recent Posts