ഫ്ലിപ്പ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസാൽ ആരംഭിച്ച ഫിൻടെക് യൂണികോൺ കമ്പനിയായ ‘നവി’ (Navi), തങ്ങളുടെ ആദ്യത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ഫണ്ടിംഗ് റൗണ്ടിൽ പ്രോസസിൽ (Prosus) നിന്ന് 100 മില്യൺ ഡോളർ സമാഹരിച്ചു. ഏകദേശം 1.3 ബില്യൺ ഡോളർ മൂല്യത്തിലാണ് ഈ നിക്ഷേപം നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2 ബില്യൺ ഡോളർ മൂല്യം ലക്ഷ്യമിട്ട് വരാനിരിക്കുന്ന ഐപിഒയ്ക്ക് (IPO) മുന്നോടിയായാണ് ഈ സുപ്രധാന ഫണ്ടിം0ഗ് കമ്പനി നേടിയിരിക്കുന്നത്.
വായ്പ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, യുപിഐ പേയ്‌മെന്റുകൾ എന്നീ സേവനങ്ങൾ ഡിജിറ്റലായി നൽകുന്ന പ്ലാറ്റ്‌ഫോമാണ് നവി. ഉപഭോക്താക്കൾക്കായി 2026 മാർച്ചിൽ മോട്ടോർ ഇൻഷുറൻസ് സേവനവും ഇവർ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ യുപിഐ ആപ്പായ നവിക്ക് നിലവിൽ 4 ശതമാനം വിപണി വിഹിതമുണ്ട്. കൂടാതെ, കഴിഞ്ഞ വർഷം സച്ചിൻ ബൻസാൽ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും നവിയുടെ വിവിധ വിഭാഗങ്ങൾക്കായി പുതിയ സിഇഒമാരെ നിയമിക്കുകയും ചെയ്തിരുന്നു.
2024-ൽ പുതിയ വായ്പകൾ നൽകുന്നതിൽ ആർബിഐ (RBI) ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ മറികടന്ന് മികച്ച മുന്നേറ്റമാണ് കമ്പനി ഇപ്പോൾ നടത്തുന്നത്. നവിയുടെ കീഴിൽ കൈകാര്യം ചെയ്യുന്ന ആസ്തി (AUM) നിലവിൽ 13,000 കോടി രൂപ കടന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY26) 466 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയെങ്കിലും, വരുമാനം 16 ശതമാനം വർധിച്ച് 2,982 കോടി രൂപയിലെത്തുകയും അവസാന പാദത്തിൽ കമ്പനി ലാഭം കൈവരിക്കുകയും ചെയ്തു.