ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്, ദുബായ് ആസ്ഥാനമായുള്ള ഇമാർ ഇന്ത്യ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയെ ഏകദേശം 1.4-1.5 ബില്യൺ ഡോളറിന് (ഏകദേശം 11,600 – 12,400 കോടി രൂപ) വാങ്ങാൻ ചർച്ചകൾ നടത്തി. റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും വ്യാപിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
ഇമാർ പ്രോപ്പർട്ടീസ് 2005-ൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് എം.ജി.എഫ് ഡെവലപ്മെന്റുമായി ചേർന്ന് 8,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. പിന്നീട്, 2016-ൽ ഈ പങ്കാളിത്തം അവസാനിപ്പിച്ച് ഇമാർ ഇന്ത്യ എന്ന പേരിൽ പ്രത്യേക കമ്പനിയായി മാറി.
ഡൽഹി-എൻസിആർ, മുംബൈ, മൊഹാലി, ലഖ്നൗ, ഇൻഡോർ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലായി നിരവധി റെസിഡൻഷ്യൽ, കൊമേർഷ്യൽ പ്രോപ്പർട്ടികൾ ഇമാർ ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ട്.
അദാനി ഗ്രൂപ്പ്, അദാനി റിയാലിറ്റി, അദാനി പ്രോപ്പർട്ടീസ് എന്നീ ഉപകമ്പനികളിലൂടെ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സജീവമാണ്. പ്രധാന നഗരങ്ങളിൽ നിരവധി പ്രോജക്ടുകൾ അവർ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
മുംബൈയിലെ ധാരാവി ചേരിയുടെ വികസനം, മോട്ടിലാൽ നഗറിന്റെ 36,000 കോടി രൂപയുടെ വികസനം തുടങ്ങിയ വലിയ പദ്ധതികളിലും അദാനി ഗ്രൂപ്പ് പങ്കാളിയാണ്.