ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള വികസ്വര വിപണികളിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ടെക് ഭീമനായ ആപ്പിൾ ജൂൺ പാദത്തിൽ 109.4 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം സ്വന്തമാക്കി. മുൻവർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനത്തിൽ 16 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സിഇഒ ടിം കുക്കിന്റെ അവസാനത്തെ വരുമാന പ്രഖ്യാപനമാണിത്; 2026 സെപ്റ്റംബർ 1 മുതൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കും.
ഐഫോൺ, മാക്ബുക്ക് എന്നിവയുടെ വിൽപ്പനയിലാണ് കമ്പനി വലിയ കുതിച്ചുചാട്ടം നടത്തിയത്. ഐഫോൺ വിൽപ്പന 21.7 ശതമാനം വർദ്ധിച്ച് 54.25 ബില്യൺ ഡോളറിലെത്തിയപ്പോൾ, മാക്ബുക്ക് വിൽപ്പനയിൽ 28.66 ശതമാനത്തിന്റെ വമ്പൻ വളർച്ചയാണ് ഉണ്ടായത്. അതേസമയം, ഐപാഡുകളുടെ വിൽപ്പനയിൽ 6 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് വാച്ചുകൾ ഉൾപ്പെടെയുള്ള മറ്റ് ആക്സസറികളുടെ വിൽപ്പനയിലും ആപ്പിൾ നേരിയ വർദ്ധനവ് നേടിയിട്ടുണ്ട്.
റെക്കോർഡ് വരുമാനം നേടിയെങ്കിലും മെമ്മറി ചിപ്പുകളുടെ വിലക്കയറ്റവും വിതരണത്തിലെ തടസ്സങ്ങളും വരും മാസങ്ങളിൽ കമ്പനിക്ക് വലിയ വെല്ലുവിളിയാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചിപ്പുകളുടെ വില വർദ്ധനവ് കാരണം മാക്ബുക്ക്, ഐപാഡ് എന്നിവയുടെ വില ആപ്പിൾ ഇതിനകം വർദ്ധിപ്പിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ ഐഫോണുകൾക്കും വില വർദ്ധിക്കാൻ സാധ്യതയുണ്ടെങ്കിലും, ഇന്ത്യയടക്കമുള്ള വിപണികളിൽ ഉൽപ്പന്നങ്ങൾക്ക് തുടർന്നും മികച്ച ഡിമാൻഡ് ലഭിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.