DeepSeek-ന്റെ AI അസിസ്റ്റന്റ് ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്ത് എത്തി. ചൈനീസ് AI മോഡലായ DeepSeek വിപണി കൈയടക്കിയതോടെ യുഎസ് ടെക് ഓഹരികളിൽ വലിയ തോതിൽ ഇടിവ് ഉണ്ടായി. എന്നാൽ ചൈനീസ് കമ്പനിയായ DeepSeek-ന്റെ കാര്യത്തിൽ എലോൺ മസ്ക് ചില സംശയങ്ങൾ പ്രകടിപ്പിച്ചു.
DeepSeek-ന് യുഎസ് എക്സ്പോർട്ട് നിയന്ത്രണങ്ങൾ കാരണം പുറത്തുപറയാൻ കഴിയാത്ത 50,000 എൻവിഡിയ H100 ചിപ്പുകളുണ്ടെന്ന്, സ്കെയിൽ AI (Scale AI) CEO ആയ അലക്സാണ്ടർ വാങ്ങിന്റെ പ്രസ്താവനയോട് യോജിച്ചുകൊണ്ടാണ് ഈ വിഷയത്തിൽ എലോൺ മസ്ക് X-ൽ പ്രതികരിച്ചത്. ഈ പ്രസ്താവനയോട് “തീർച്ചയായും,” എന്ന മറുപടി നൽകി മസ്ക് ട്വീറ്റ് ചെയ്തു. DeepSeek AI എന്താണ് മറച്ചുവെക്കുന്നത് എന്നതിനെക്കുറിച്ചുള്ള വാങ്ങിന്റെ ചോദ്യത്തെയും മസ്ക് ശരിവെച്ചു.
DeepSeek ന്റെ വരവോടെ എൻവിഡിയ, മൈക്രോസോഫ്റ്റ്, മെറ്റാ, ടെസ്ല, തുടങ്ങിയ യുഎസ് ടെക് ഓഹരികൾ ഒരു ട്രില്യൺ ഡോളറിൻ്റെ നഷ്ടം നേരിട്ടു. ചൈനീസ് AI മോഡലായ DeepSeek നെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിന് കാരണം. മറ്റ് മുൻനിര മോഡലുകൾക്ക് 16,000 ചിപ്പുകളോ അതിൽ കൂടുതലോ വേണ്ടിവരുമ്പോൾ DeepSeek-V3 വികസിപ്പിക്കാൻ എൻവിഡിയയുടെ 2,000 ചിപ്പുകൾ മാത്രമാണ് വേണ്ടിവന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതാണ് DeepSeek-നെ ശ്രദ്ധേയമാക്കുന്നത്.
ആപ്പിൾ, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ്, ആമസോൺ തുടങ്ങിയ കമ്പനികൾക്കും വലിയ നഷ്ടം സംഭവിച്ചു. ആൽഫബെറ്റിൽ 2%-ൽ അധികം ഇടിവ് നേരിട്ടപ്പോൾ, ഓപ്പൺ എഐയിൽ കോടികൾ നിക്ഷേപിച്ച മൈക്രോസോഫ്ട് 3%-നോട് അടുത്ത് ഇടിവ് നേരിട്ടു. ആമസോൺ, ടെസ്ല, മെറ്റാ ഓഹരികളും താഴേക്ക് പോയി. ആപ്പിൾ ഓഹരികൾ മാത്രമാണ് നേരിയ വർധനവ് കാണിച്ചത്.
എൻവിഡിയുടെ ഓഹരികൾ 13% വരെ ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് ഏകദേശം 465 ബില്യൺ ഡോളർ കുറഞ്ഞു.