2024-ൽ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കമ്പനിയുടെ വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തി. ക്വിക്ക് ഡെലിവറി പ്ലാറ്റ്ഫോമുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോൾ, ഇന്ത്യക്കാർ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്ന രീതികളിലും അതിശയിപ്പിക്കുന്ന മാറ്റങ്ങൾ സംഭവിച്ചു. പാൽ മുതൽ സ്വർണനാണയങ്ങൾ വരെയാണ് ആളുകൾ ഓരോ ദിവസവും ഓർഡർ ചെയ്യുന്നത്.
ഡൽഹിയിലും ഡെഹ്റാദൂണിലും രണ്ട് പേർ ചേർന്ന് 20 ലക്ഷം രൂപയുടെ അടുക്കള സാധനങ്ങൾ വാങ്ങിയതാണ് ഏറ്റവും കൂടുതൽ അതിശയിപ്പിക്കുന്നത്. കൂടാതെ മൃഗങ്ങളെ സ്നേഹിക്കുന്ന ഒരു മുംബൈക്കാരൻ 15 ലക്ഷം രൂപയുടെ പെറ്റ് ഫുഡ് വാങ്ങി.
പാൽ, മോര്, ദോശമാവ് എന്നിവയായിരുന്നു ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട ഉൽപ്പന്നങ്ങൾ. ഓരോ 15 ഓർഡറുകളിലും 1 എണ്ണത്തിൽ പാലും, 5 ഓർഡറുകളിൽ 1 എണ്ണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്നു.
പെട്ടെന്നുള്ള ആവശ്യങ്ങൾക്കും ആഘോഷങ്ങൾക്കും നല്ല വിൽപ്പനയാണ് നടക്കുന്നത്. ദീപാവലിക്ക് ഡൽഹിയിൽ 4.6 ലക്ഷം രൂപയുടെ പോക്കർ ചിപ്സ് വിൽപ്പന നടന്നു. അതുപോലെ വാലന്റൈൻസ് ഡേയിൽ ഒരു മിനിറ്റിൽ ശരാശരി 307 റോസുകൾ വിറ്റുപോയി. രാത്രികാല ഷോപ്പിംഗിൽ, രാത്രി 10 മുതൽ 4 വരെ ചിപ്സ്, ഐസ്ക്രീം എന്നിവയാണ് ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെട്ടത്.
ബെംഗളൂരുവിൽ പൂജാ സാധനങ്ങളും പാർട്ടി സാധനങ്ങളുമാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. മുംബൈയിൽ മഴക്കാലത്ത് മഴക്കോട്ടുകൾക്ക് ഡിമാൻഡ് കൂടുതലായിരുന്നു.ഹൈദരാബാദിൽ ഇൻസ്റ്റന്റ് നൂഡിൽസാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്.