മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും എലോൺ മസ്കിന്റെ സ്പേസ് എക്സും ചേർന്ന് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കരാർ ഒപ്പുവെച്ചു. സുനിൽ മിത്തലിന്റെ ഭാരതി എയർടെൽ സമാനമായ കരാർ ഒപ്പുവെച്ച് ഒരു ദിവസത്തിന് ശേഷമാണ് ജിയോയുടെ ഈ നീക്കം. ഇതോടെ, ഇന്ത്യയിലെ ഉപഗ്രഹ ഇന്റർനെറ്റ് രംഗത്ത് ശക്തമായ മത്സരം ഉടലെടുക്കുകയാണ്.
സ്റ്റാർലിങ്കിന് ജിയോയുടെ സേവനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കും സ്പേസ് എക്സിന്റെ നേരിട്ടുള്ള സേവനങ്ങളെ പിന്തുണയ്ക്കാൻ ജിയോയുടെ അടിസ്ഥാന സൗകര്യങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നും പരിശോധിക്കാൻ ഈ പങ്കാളിത്തത്തിലൂടെ ഇരു കമ്പനികൾക്കും സാധിക്കുന്നു.
ജിയോയുടെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഓൺലൈൻ സ്റ്റോറുകളിലും സ്റ്റാർലിങ്ക് സൊല്യൂഷനുകൾ ലഭ്യമാക്കുമെന്നും ഇൻസ്റ്റാലേഷൻ, ആക്ടിവേഷൻ, കസ്റ്റമർ സെർവീസ് എന്നിവയ്ക്കായി സമഗ്രമായ പിന്തുണ നൽകുമെന്നും ജിയോ അറിയിച്ചു.
സ്പേസ് എക്സുമായുള്ള പങ്കാളിത്തം ഇന്ത്യയിലുടനീളമുള്ള സംരംഭങ്ങൾ, ചെറുകിട, ഇടത്തരം ബിസിനസ്സുകൾ എന്നിവയ്ക്ക് ഇന്റർനെറ്റ് ലഭ്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നും വിദൂരവും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിൽ കണക്റ്റിവിറ്റി നൽകുന്നതിന് സ്റ്റാർലിങ്ക് ജിയോ എയർഫൈബറിനും ജിയോഫൈബറിനുമൊപ്പം പ്രവർത്തിക്കുമെന്നും ജിയോ കൂട്ടിച്ചേർത്തു.
ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ലോകത്തിൻ്റെ ഏത് ഭാഗത്തും വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാർലിങ്കിൻ്റെ ലക്ഷ്യം. ഇന്ത്യയിലെ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സ്റ്റാർലിങ്കിന് കഴിയും.