ഇന്ത്യൻ ഇലക്ട്രോണിക്സ് ബ്രാൻഡായ മൈക്രോമാക്സ് റിന്യൂവബിൾ എനർജി മേഖലയിലേക്ക് കടക്കുന്നു. ‘സ്റ്റാർട്ടപ്പ് എനർജി’ എന്ന പേരിൽ സോളാർ പാനൽ നിർമ്മാണം ആരംഭിക്കാനാണ് പദ്ധതി. ഈ പുതിയ സംരംഭത്തിലൂടെ ഇന്ത്യയിലെ സോളാർ പാനൽ നിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിക്കാനും സസ്റ്റൈനബിൾ എനർജി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ അഭിലാഷമായ ക്ലീൻ എനർജി ദൗത്യത്തെ പിന്തുണയ്ക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
“ഇന്ത്യയുടെ റിന്യൂവബിൾ എനർജി വിപ്ലവത്തിന് ‘സ്റ്റാർട്ടപ്പ് എനർജി’ നിർണായക പങ്കു വഹിക്കാൻ ഒരുങ്ങുകയാണ്. എല്ലാ വിഭാഗത്തിലുള്ള ആളുകൾക്കും താങ്ങാനാവുന്ന സോളാർ പവർ സൊല്യൂഷനുകൾ ഉറപ്പാക്കാൻ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. സസ്റ്റൈനബിൾ പവർ സൊല്യൂഷനുകൾ വ്യക്തികൾക്കും ബിസിനസുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് ക്ലീൻ എനർജി കൂടുതൽ ആക്സസ് ചെയ്യാവുന്നതും വിശ്വസനീയവും ചെലവ് കുറഞ്ഞതുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” മൈക്രോമാക്സ് ഇൻഫോർമാറ്റിക്സ് മാനേജിംഗ് ഡയറക്ടർ രാജേഷ് അഗർവാൾ പറഞ്ഞു.
ഈ വിപുലീകരണത്തിൻ്റെ ഭാഗമായി, 5GW അഡ്വാൻസ്ഡ് സോളാർ മൊഡ്യൂൾ നിർമ്മാണ ലൈനിൻ്റെ ഘട്ടം ഘട്ടമായുള്ള വിന്യാസത്തിനായി ചൈന ആസ്ഥാനമായുള്ള ജിഞ്ചനുമായി മൈക്രോമാക്സ് കരാർ ഒപ്പിട്ടു.
സോളാർ സൊല്യൂഷനുകൾ വിതരണം ചെയ്യുന്നതിനായി ഓട്ടോമേഷനും ഉയർന്ന കാര്യക്ഷമതയുള്ള മൊഡ്യൂൾ പ്രൊഡക്ഷൻ ടെക്നൊളജികളും സംയോജിപ്പിച്ച് ഒന്നിലധികം ഘട്ടങ്ങളിലായി ഈ പദ്ധതി നടപ്പിലാക്കും. അഡ്വാൻസ്ഡ് ഓട്ടോമേഷനും പ്രിസിഷൻ എഞ്ചിനീയറിംഗും സജ്ജീകരിച്ചിട്ടുള്ള ഒരു നിർമ്മാണ യൂണിറ്റ് സ്റ്റാർട്ടപ്പ് എനർജി സ്ഥാപിക്കും.
അടുത്ത തലമുറ സൗരോർജ്ജ സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനും ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയ ഗവേഷണ സാധ്യതകളിലും കമ്പനി ശ്രദ്ധ ചെലത്തും.