ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, വർദ്ധിച്ചുവരുന്ന നഷ്ടം നിയന്ത്രിക്കുന്നതിനായി ആയിരത്തിലധികം ജീവനക്കാരെയും കരാർ തൊഴിലാളികളെയും പിരിച്ചുവിടുന്നതായി റിപ്പോർട്ട്. കമ്പനിയുടെ പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും കമ്പനിയെ ലാഭത്തിലേക്ക് നയിക്കുന്നതിനുമുള്ള വലിയ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നടപടി.
നവംബറിൽ, ബെംഗളൂരു ആസ്ഥാനമായ കമ്പനി ലാഭം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ ടീമുകളിലായി ഏകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
പിരിച്ചുവിടലുകൾക്ക് പുറമേ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ അൻഷുൽ ഖണ്ഡേൽവാൾ, ചീഫ് ടെക്നോളജി ആൻഡ് പ്രൊഡക്ട് ഓഫീസർ സുവോനിൽ ചാറ്റർജി എന്നിവരുൾപ്പെടെയുള്ള ഉയർന്ന തലത്തിലുള്ള എക്സിക്യൂട്ടീവുകളുടെ പുറത്തുപോക്കും സമീപകാലത്ത് കമ്പനിയിൽ ഉണ്ടായിട്ടുണ്ട്.
ഓല ഇലക്ട്രിക് ഇരുചക്ര ഇലക്ട്രിക് വാഹന വിഭാഗത്തിൽ വിപണി വിഹിതം വീണ്ടെടുത്തിട്ടുണ്ടെങ്കിലും, ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്നും തെറ്റായ രീതികൾ പിന്തുടർന്നു എന്നും ആരോപിച്ചു കഴിഞ്ഞ ഒക്ടോബറിൽ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.