ഇന്ത്യൻ നിർമ്മിത ബുദ്ധി (Artificial Intelligence – AI) മേഖലയിൽ നിന്ന് അമേരിക്കയിലേക്ക് ഒരു വലിയ കുടിയേറ്റം നടക്കുകയാണ്. നൂറിലധികം ഇന്ത്യൻ എഐ സ്റ്റാർട്ടപ്പ് സ്ഥാപകർ തങ്ങളുടെ പ്രവർത്തനം അമേരിക്കയിലേക്ക് മാറ്റുകയോ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയോ ചെയ്യുന്നു. ഉപഭോക്താക്കളിലേക്കും വൻകിട നിക്ഷേപങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും എന്നതും, ലോകത്തിലെ ഏറ്റവും മികച്ച എഐ സാങ്കേതികവിദ്യകളുടെ ഈറ്റില്ലം എന്ന നിലയിലുള്ള അമേരിക്കയുടെ പ്രധാന്യവുമാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി പ്രമുഖ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് തങ്ങളുടെ ആസ്ഥാനം മാറ്റിയത്. കോമ്പോസിയോ (Composio), മീറ്റ്‌സ്ട്രീം.എഐ (Meetstream.ai), സ്മോളസ്റ്റ്.എഐ (Smallest.ai), ബീറ്റോവൻ.എഐ (Beatoven.ai), ഗെറ്റ് ക്രക്സ് (GetCrux) തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ അമേരിക്കയിലേക്ക് മാറിക്കഴിഞ്ഞു. ഇതിനു പുറമെ, നിരവധി കമ്പനികൾ മാറ്റത്തിന്റെ പാതയിലാണെന്നും ഈ മേഖലയിലെ നിക്ഷേപകരും സംരംഭകരും വ്യക്തമാക്കുന്നു. ആഗോള വിപണിയിൽ മത്സരിക്കാനും ബിസിനസ്സ് വിപുലീകരിക്കാനും ഈ മാറ്റം അനിവാര്യമാണെന്ന് പലരും കരുതുന്നു.
ഇന്ത്യയിലേക്ക് പ്രതിഭകൾ തിരിച്ചെത്തുന്നു എന്ന വാദത്തിന് മങ്ങലേൽപ്പിക്കുന്നതാണ് ഈ പുതിയ പ്രവണത. എഐ സാങ്കേതികവിദ്യയുടെ വളർച്ചയിൽ നിർണ്ണായകമായ ആവാസവ്യവസ്ഥയും (ecosystem) വിപണി സാധ്യതകളും തേടിയാണ് ഈ സംരംഭകർ നാടുവിടുന്നത്. ആഗോളതലത്തിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിക്കാനും, സിലിക്കൺ വാലി പോലുള്ള സാങ്കേതിക കേന്ദ്രങ്ങളുമായുള്ള നേരിട്ടുള്ള ബന്ധം മുതലാക്കാനും ഈ നീക്കം സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.