ഇന്ത്യയിലെ ക്വിക്ക് കോമേഴ്സ് രംഗം 2023-24 സാമ്പത്തിക വർഷത്തിൽ 73% വളർച്ച നേടി. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ 65% ആളുകളും ക്വിക്ക് കോമേഴ്സിനെ ആശ്രയിക്കുന്നു. ഇത് കാരണം കടകളിൽ പോകുന്ന ആളുകളുടെ എണ്ണം 28% മായി കുറഞ്ഞു. വലിയ നഗരങ്ങളിലെ 42% ആളുകൾ സാധാരണ കടകളിൽ പോകാതെ ക്വിക്ക് ഡെലിവെറിയിലൂടെ വാങ്ങാനാണ് ഇഷ്ടപ്പെടുന്നതെന്ന് PwC റിപ്പോർട്ട് പറയുന്നു.
34% ചില്ലറ വ്യാപാരികളും ഓൺലൈൻ ഷോപ്പിംഗ് തങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ മെട്രോ, ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളിലെ ആയിരത്തിലധികം ചില്ലറ വ്യാപാരികളെയും 800 കസ്റ്റമേഴ്സിനെയും ഉൾപ്പെടുത്തി ഹൻസ റിസർച്ചുമായി സഹകരിച്ച് നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്.
21% റീട്ടെയിലർമാർ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഡാർക്ക് സ്റ്റോറുകളിലേക്ക് മാറുന്നുണ്ടെന്നും 10% പേർ ഇതിനകം അവ നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. ടയർ 2, ടയർ 3 നഗരങ്ങളിലെ ഉപഭോക്താക്കൾ ഫ്ലെക്സിബിൾ റിട്ടേൺ പോളിസികൾ, കാര്യക്ഷമമായ വിൽപ്പനാനന്തര സേവനങ്ങൾ, മികച്ച പേയ്മെന്റ് ഓപ്ഷനുകൾ എന്നിവയ്ക്ക് കൂടുതൽ മുൻഗണന നൽകുന്നു.
റീട്ടെയിലർമാർ ഡിജിറ്റലിലേക്ക് മാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും 60% പേർ ടെക്നോളജിയെ ഒരു ഗെയിം ചേഞ്ചറായി കണക്കാക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 53% ചില്ലറ വ്യാപാരികൾ ഇതുവരെ ടെക്നോളജി ഉപയോഗിച്ചതായും കാണുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും ഒരു ഡിജിറ്റൽ വിഭജനം നിലനിൽക്കുന്നു.
അതേസമയം, ഏകദേശം 45% പേർ ഓൺലൈൻ, ഓഫ് ലൈൻ അനുഭവങ്ങൾ സംയോജിപ്പിക്കുന്ന ഒരു ഹൈബ്രിഡ് മോഡൽ ഇഷ്ടപ്പെടുന്നു. വസ്ത്രങ്ങൾ, സ്കിൻ പ്രൊഡക്ടുകൾ തുടങ്ങിയ വ്യക്തിഗത പ്രോഡക്ട് വിഭാഗങ്ങളിൽ ഓൺലൈൻ ഷോപ്പിംഗ് ആധിപത്യം പുലർത്തുന്നു. 50 ശതമാനത്തിലധികം ഉപഭോക്താക്കളും ഡിജിറ്റൽ ഷോപ്പിങ്ങിനെ അനുകൂലിക്കുന്നു. എന്നിരുന്നാലും, പുതിയ പ്രൊഡക്ടുകൾ, ഹോം ഫർണിഷിംഗ് എന്നിവ പോലുള്ള, കുടുംബവുമായി ബന്ധപ്പെട്ട പർച്ചേസുകൾക്ക് 36% പേർ ഇപ്പോഴും ഇൻ-സ്റ്റോർ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നു.