തങ്ങൾക്കും ബിസിനസ് ചെയ്യാനാകുമെന്ന് തെളിയിച്ചുകൊണ്ട് ഈ രംഗത്തേയ്ക്ക് നിരവധി സ്ത്രീകളാണ് ഇപ്പോൾ കടന്ന് വരുന്നത്. സ്ത്രീകൾക്കും കുടുംബത്തോടൊപ്പം തന്നെ ബിസിനസും മികച്ച രീതിയിൽ ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കുന്ന ഒരുപാട് ഉദാഹരണങ്ങൾ ഇന്നുണ്ട്.
ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ, കോർപ്പറേറ്റ് നേതൃത്വത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ചില വനിതാ സംരഭകരെക്കുറിച്ച് നോക്കാം.

1.ഇന്ദ്ര നൂയി
ഇന്ത്യൻ വംശജയായ അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവായ ഇന്ദ്ര നൂയി പെപ്സികോയിലെ വിജയകരമായ നേതൃത്വത്തിന് പേര് കേട്ട വ്യക്തിത്വമാണ്. കമ്പനിയുടെ സിഇഒ (2006-2018), ചെയർപേഴ്സൺ (2007-2019) എന്നീ നിലകളിൽ അവർ നിർണായക പങ്കുവഹിച്ചു..
1994-ൽ കോർപ്പറേറ്റ് സ്ട്രാറ്റജി ആൻഡ് ഡെവലപ്മെൻ്റിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റായി നൂയി പെപ്സികോയിൽ ചേർന്നു, അവിടെ അവർ പ്രധാന ബിസിനസ് തീരുമാനങ്ങളിൽ വലിയ പങ്ക് വഹിച്ചു. 2001-ഓടെ പ്രസിഡൻ്റായും സിഎഫ്ഒയായും തെരഞ്ഞെടുക്കപ്പെട്ടു. പെപ്സികോയുടെ ചരിത്രത്തിൽ ആദ്യത്തെ വനിതയും അഞ്ചാമത്തെ സിഇഒയും ആയിരുന്നു അവർ. അക്കാലത്ത് ഫോർച്യൂൺ 500 കമ്പനിയുടെ തലപ്പത്തിരുന്ന ചുരുക്കം ചില വനിതാ നേതാക്കളിൽ ഒരാളായിരുന്നു നൂയി.
2.ഫാൽഗുനി നായർ
നൈകയുടെ സ്ഥാപകയും എക്സിക്യൂട്ടീവ് ചെയർപേഴ്സണും സിഇഒയുമായ ഫൽഗുനി നായർ വളർന്നുവരുന്ന സംരംഭകർക്ക് പ്രചോദനമാണ്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റലിൽ 18 വർഷം ജോലി ചെയ്ത ശേഷം, 2012-ൽ അവർ നൈക ആരംഭിച്ചു. ഇന്ത്യൻ കോസ്മെറ്റിക് വിപണിയിലെ പ്രധാനിയാക്കി നൈകയെ അവർ മാറ്റി.

3.ഗസൽ അലഗ്
തൻ്റെ കുഞ്ഞിന് സുരക്ഷിതമായ പ്രൊഡക്ടുകൾ കണ്ടെത്താൻ ബുദ്ധിമുട്ടിയതിനെ തുടർന്ന് സംരഭകയായ ആളാണ് ഗസൽ അലഗ്. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ വിഷരഹിത ശിശു സംരക്ഷണ ബ്രാൻഡായ മാമാഎർത്തിന്റെ കോ ഫൗണ്ടറായി. ഗുണമേന്മയുള്ള പ്രൊഡക്ടുകൾ അമ്മയ്ക്കും കുഞ്ഞിനും ഉറപ്പാക്കി മാമാഎർത്ത് എല്ലാവരുടെയും ശ്രദ്ധ നേടി.
4.കിരൺ മജുംദാർ-ഷാ
1978-ൽ വെറും 10,000 രൂപയുമായി കിരൺ മജുംദാർ-ഷാ സ്ഥാപിച്ച കമ്പനിയാണ് ബയോക്കോൺ. അവരുടെ നേതൃത്വത്തിൽ, ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖല താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയും ബയോടെക്നോളജി ഇന്നൊവേഷനിൽ ബയോക്കോൺ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട അവർ പത്മശ്രീയും പത്മഭൂഷണും ഉൾപ്പെടെയുള്ള വിശിഷ്ട ബഹുമതികൾ നേടിയിട്ടുണ്ട്.
5.ഹിന നാഗരാജൻ
ഡയാജിയോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ് ഹിന നാഗരാജൻ. 2018-ൽ ആഫ്രിക്ക എമർജിംഗ് മാർക്കറ്റ്സിൻ്റെ മാനേജിംഗ് ഡയറക്ടറായി ഡയാജിയോയിൽ ചേർന്ന അവർ നിരവധി രാജ്യങ്ങളിൽ കമ്പനിയുടെ വളർച്ചയും പ്രകടനവും മെച്ചപ്പെടുത്തി.
2021-ൽ ഡയാജിയോ ഇന്ത്യയുടെ സിഇഒ ആയി ചുമതലയേറ്റതുമുതൽ, നാഗരാജൻ തൻ്റെ ഇന്റർനാഷണൽ സ്വാധീനം ഉപയോഗിച്ച് ബ്രാൻഡിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു.
6.പ്രഭ നരസിംഹൻ
കൊൽഗേറ്റ്-പാമോലീവ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ് പ്രഭ നരസിംഹൻ. ലക്ഷ്യബോധമുള്ള നേതൃത്വത്തിന്റെ പ്രധാന ഉദാഹരണമാണ് പ്രഭ. 25 വർഷം നീണ്ട കരിയറിൽ, മാർക്കറ്റിംഗ്, ഇന്നൊവേഷൻ, കസ്റ്റമർ എൻഗേജ്മെന്റ് എന്നിവയിൽ പ്രഭ
നിർണായക പങ്കുവഹിച്ചു.
7.വിനീത സിംഗ്
ഷാർക്ക് ടാങ്ക് ഇന്ത്യ നിക്ഷേപകയും ഷുഗർ കോസ്മെറ്റിക്സിൻ്റെ സിഇഒയും കോ ഫൗണ്ടറുമായ വിനീത സിംഗ് ഒരു കോടി രൂപയുടെ ജോബ് ഓഫർ നിരസിച്ച് സംരംഭക പാത പിന്തുടർന്ന വ്യക്തിയാണ്. ഷുഗർ കോസ്മെറ്റിക്സിനെ ഇന്ത്യയിലെ അതിവേഗം വളരുന്ന സൗന്ദര്യ ബ്രാൻഡാക്കി മാറ്റി. 540-ലധികം നഗരങ്ങളിലായി 35,000-ലധികം റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഷുഗർ കോസ്മെറ്റിക്സ്
ലഭ്യമാണ്.
8.ഉപാസന ടാക്കു
മൊബിക്വിക്കിന്റെ സഹസ്ഥാപകയും ചെയർപേഴ്സണുമായ ഉപാസന ടാക്കു ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് രംഗം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ബിരുദവും പേപാലിൽ പശ്ചാത്തലവുമുള്ള അവർ, ഇന്ത്യയിൽ ഒരു പേയ്മെന്റ് സ്റ്റാർട്ടപ്പിന് നേതൃത്വം നൽകുന്ന ആദ്യ വനിതയായി അംഗീകരിക്കപ്പെടുകയും ഫോർബ്സ് ഏഷ്യയുടെ പവർ ബിസിനസ് വുമൺ പട്ടികയിൽ ഇടം നേടുകയും ചെയ്തു.
9.ലീന നായർ
യൂണിലിവറിന്റെ ഏറ്റവും പ്രായം കുറഞ്ഞ സിഎച്ച്ആർഒ ആയി സേവനമനുഷ്ഠിച്ചതിന് ശേഷം, ചാനലിന്റെ ഗ്ലോബൽ സിഇഒ എന്ന നിലയിൽ, ലീന നായർ ലോകത്തിലെ ഏറ്റവും മികച്ച ഫാഷൻ ഹൗസിനെ നയിക്കുന്ന ആദ്യ വനിതയായി. എക്സ്എൽആർഐ ജംഷഡ്പൂർ പൂർവ്വ വിദ്യാർത്ഥിനിയായ അവരെ എലിസബത്ത് രാജ്ഞി II അംഗീകരിച്ചിട്ടുണ്ട്.

10.അഞ്ജലി സുദ്
നിലവിൽ ട്യൂബിയുടെ സിഇഒ ആയ അഞ്ജലി സുഡ് മുമ്പ് വിമിയോയെ നയിച്ചു. അത് പൊതുജനങ്ങളിലേക്ക് എത്തിക്കുകയും 300 ദശലക്ഷം ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമിലേക്ക് വികസിപ്പിക്കുകയും ചെയ്തു.
സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നപോലെ ഒരു ബിസിനസ് മേഖലയിലേക്ക് കടക്കാൻ ഇന്ന് ഒരുപാട് സാധ്യതകളുണ്ട്. സർക്കാർ സ്ത്രീകളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനായി നിരവധി പദ്ദതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.