എസ്.എസ്. ഇന്നൊവേഷൻസ് രാജ്യത്തെ ആദ്യത്തെ മൊബൈൽ ടെലി-റോബോട്ടിക് സർജറി യൂണിറ്റായ എസ്.എസ്.ഐ മന്ത്രം പുറത്തിറക്കി. വിദൂരവും സെർവീസ് കുറഞ്ഞതുമായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വേഗത്തിൽ സർജറി സാധ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ശാസ്ത്രക്രിയാ നടപടിക്രമങ്ങൾ നടത്താനും മാർഗ്ഗനിർദ്ദേശം നൽകാനും ഡോക്ടർമാരുടെ തത്സമയ സപ്പോർട്ടും ഈ യൂണിറ്റ് സാധ്യമാക്കുന്നു.
ഭാരത്ബെൻസ് 1824 ഷാസിയിലാണ് ഈ മൊബൈൽ യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്. ഈ യൂണിറ്റിന് 18,500 കിലോ ഗ്രോസ് വെഹിക്കിൾ വെയിറ്റും 11.9 മീറ്റർ നീളവും 2.59 മീറ്റർ വീതിയും 3.49 മീറ്റർ ഉയരവുമുണ്ട്. റോബോട്ടിക് സിസ്റ്റം ഒഴികെ, പൂർണ്ണമായും പ്രവർത്തനക്ഷമമായ ടെലിസർജറി യൂണിറ്റാക്കി വാഹനത്തെ മാറ്റുന്നതിനുള്ള ചെലവ് ഏകദേശം 1.3 കോടി രൂപയാണ്.
യാത്രയിലും സജ്ജീകരണത്തിലും തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ, പ്രത്യേക ലോക്കിംഗ് സംവിധാനവും വൈബ്രേഷൻ-ഡാംപനിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് വാഹനം ശക്തിപ്പെടുത്തിയിട്ടുണ്ട്. എസ്.എസ്.ഐ മന്ത്രത്തിന്റെ പ്രധാന വശങ്ങളിലൊന്ന് അതിന്റെ ശക്തമായ പവർ ബാക്കപ്പ് സംവിധാനമാണ്. വിദൂര സ്ഥലങ്ങളിൽ പോലും തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ഓൺബോർഡ് 5 കെവിഎ ജനറേറ്ററും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
യൂണിറ്റിന് ഉയർന്ന മൊബിലിറ്റി നൽകുന്ന 380 ലിറ്റർ ഇന്ധന ടാങ്കും ഇതിലുണ്ട്. ടെലിസർജറിക്ക് കണക്റ്റിവിറ്റി ഒരു പ്രധാന ഘടകമാണ്, അതിനാൽ എസ്.എസ്.ഐ മന്ത്രത്തിൽ അതിവേഗ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.