മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപം ഇന്ന് എല്ലാർവർക്കും പ്രിയപ്പെട്ട നിക്ഷേപ പദ്ധതിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ റിട്ടേണ്‍ ലഭിക്കും എന്നതാണ് ഇതിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. എന്നാൽ അറിവോടെയുള്ള തീരുമാനങ്ങൾ ഇത്തരം നിക്ഷേപങ്ങൾക്ക് അത്യാവശ്യമാണ്. പലർക്കും എങ്ങനെ നിക്ഷേപിക്കണം എന്നതിനെ കുറിച്ച് വലിയ ധാരണയില്ല. ഓരോ ഫണ്ടിലും റിട്ടേണും റിസ്‌കും വ്യത്യസ്തമാണ്. അതിനാല്‍ തുടക്കകാര്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച മ്യൂച്ച്വല്‍ ഫണ്ടുകളെ ഏതൊക്കെയെന്ന് നോക്കാം.
ഇക്വിറ്റി ഫണ്ട്
ആദ്യമായി നിക്ഷേപിക്കുന്നവർക്കുള്ള മികച്ച പ്ലാനാണ് ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാനുകള്‍. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഇക്വിറ്റി ഫണ്ടാണിത്. കമ്പനികളുടെ ഓഹരികളിൽ പണം നിക്ഷേപിക്കുന്ന മ്യൂച്ച്വല്‍ ഫണ്ടുകളാണ് ഇവ. റിട്ടയര്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം അല്ലെങ്കില്‍ വിവാഹം, തുടങ്ങി ഒരു കാറോ, വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഉയര്‍ന്ന നികുതി രഹിത റിട്ടേണുകളാണ് ഇവ വാഗ്ദാനം ചെയ്യുന്നത്.
ഡെറ്റ് ഫണ്ട്
ചെറിയ കാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപമാണിത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഡെറ്റ് ഫണ്ടുകളെ കാര്യമായി ബാധിക്കില്ല. ഡെറ്റ് ഫണ്ടുകൾക്ക് ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച റിട്ടേണ്‍ ലഭിക്കും. ബോണ്ട്, കടപ്പത്രം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലാണ് ഇത്തരം മ്യൂച്ച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുക. ഈ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയാണ് ലാഭമായി കിട്ടുക. അതേസമയം ഇക്വിറ്റി ഫണ്ടുകളെക്കാള്‍ റിസ്‌ക് കുറവുമാണ്. സ്ഥിരമായി റിട്ടേണ്‍ തരുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഡെറ്റ് ഫണ്ട്. അതുകൊണ്ടുതന്നെ പുതുതായി മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുയോജ്യമാണ്.
ബാലന്‍സ്ഡ് ഫണ്ട്
ഡെറ്റ് ഫണ്ടിലും ഇക്വിറ്റി ഫണ്ടിലും ഒരുപോലെ നിക്ഷേപം നടത്തുന്നവയാണ് ബാലന്‍സ്ഡ് ഫണ്ടുകള്‍. അതിനാൽ തന്നെ ഇവയെ ബാലൻസ്ഡ് ആയി കരുതപ്പെടുന്നു. മറ്റ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ റിസ്‌ക് കുറഞ്ഞവാണ്. അതുകൊണ്ടുതന്നെ തുടക്കക്കാര്‍ക്ക് അനുയോജ്യവുമാണ്. ഓഹരി വിപണിയിലെ തിരിച്ചടികള്‍ ഇത്തരം മ്യൂച്ച്വല്‍ ഫണ്ടിനെ കാര്യമായി ബാധിക്കില്ല.ബാലന്‍സ്ഡ് ഫണ്ടുകളില്‍ 40 ശതമാനത്തോളം മാത്രമാണ് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുക.
ലിക്വിഡ് ഫണ്ട്
മണി മാര്‍ക്കറ്റ് എന്ന് കൂടി ലിക്വിഡ് ഫണ്ട് അറിയപ്പെടുന്നു. ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലേക്ക് ചെറിയ കാലയളവില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നു എന്നതാണ് ഇത്തരം ഫണ്ടുകളുടെ പ്രത്യേകത.
എങ്ങനെ നിക്ഷേപിക്കാം?
മ്യൂച്ച്വല്‍ ഫണ്ടുകളിൽ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നിക്ഷേപിക്കാവുന്നതാണ്. ഓണ്‍ലൈനായോ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ ഒരാള്‍ക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നേരിട്ട് നിക്ഷേപിക്കാം. നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ഫണ്ടുകളുടെ നിക്ഷേപ സ്ട്രാറ്റജി പരിശോധിക്കുന്നതും നല്ലതാണ്.