ഇന്ത്യയിലെ പ്രധാന സ്റ്റാർട്ടപ്പ് ഹബ്ബുകളിലൊന്നായി കേരളത്തെ കണക്കാക്കപ്പെടുന്നു. ഓരോ ദിവസവും കൂടുതൽ സംരംഭകർ കേരളത്തിൽ തങ്ങളുടെ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നു. മികച്ച ആശയങ്ങളുള്ള, പുതിയ എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ നൽകുന്ന ഒരു ചുറ്റുപാട് കേരളത്തിൽ ഇന്ന് നിലവിലുണ്ട്. നിരവധി സംസ്ഥാന, കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾ അനുസരിച്ച് കേരളത്തിൽ നിരവധി സ്റ്റാർട്ടപ്പുകളും ബിസിനസുകളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. എന്നാൽ ഒരു ബിസിനസ് തുടങ്ങുന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. ആദ്യമായി, പുതിയ സംരംഭകർ ഒരു ബിസിനസ്സ് തുടങ്ങുന്നതിന് ആവശ്യമായ ചില നിയമ നടപടികളെക്കുറിച്ച് അറിഞ്ഞിരിക്കണം.
ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ അതിന്റെ രെജിസ്ട്രേഷനെക്കുറിച്ചും പ്ലാൻ ചെയ്യണം. മുന്നോട്ടുള്ള വിജയകരമായ ബിസിനസ് യാത്രയ്ക്ക്, സ്റ്റാർട്ടപ്പ് ഇന്ത്യയുടെയോ സ്റ്റാർട്ടപ്പ് കേരളയുടെയോ കീഴിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്.
ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ചില നിയമ നടപടികൾ
1.ബിസിനസ് സ്ട്രക്ച്ചർ മനസിലാക്കുക
നിങ്ങളുടെ ബിസിനസ് ഏത് തരത്തിലുള്ളതാണെന്ന് അറിഞ്ഞിരിക്കണം. എല്ലാ ബിസിനസുകൾക്കും നിയമപരമായ ആവശ്യകതകളും നിയന്ത്രണങ്ങളും ഉണ്ട്. അതിനാൽ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് ബിസിനസ് സ്ട്രക്ച്ചർ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
2.ഒരു ബിസിനസ്സ് സ്ഥാപനം തിരഞ്ഞെടുക്കുക
നിങ്ങൾ കേരളത്തിൽ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ഏത് തരത്തിലുള്ള ബിസിനസാണ് തുടങ്ങാൻ പോകുന്നതെന്ന് അറിഞ്ഞിരിക്കണം.
- ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (LLP)
- പ്രൈവറ്റ് ലിമിറ്റഡ്
- പബ്ലിക് ലിമിറ്റഡ്
- ഏക ഉടമസ്ഥാവകാശം
- ഒരു വ്യക്തി കമ്പനി (OPC)
3.ബിസിനസ് ലൈസൻസുകൾക്കായി അപേക്ഷിക്കുക
ബിസിനസ് ലൈസൻസ് സ്വന്തമാക്കേണ്ടത് വളരെ അനിവാര്യമാണ്. എന്നാൽ ഓരോ കമ്പനിയുടെയും സ്വഭാവമനുസരിച്ച് ബാധകമായ ലൈസൻസും നിരക്കുകളും വ്യത്യാസപ്പെടാം. ഇന്ത്യയിൽ ഒരു ബിസിനസ്സ് നടത്തുന്നതിൽ ബിസിനസ് ലൈസൻസുകൾ നിർണായക പങ്ക് വഹിക്കുന്നു. മിക്കവാറും എല്ലാ കമ്പനികൾക്കും ബാധകമായ ഏറ്റവും സാധാരണമായ ലൈസൻസുകളിലൊന്നാണ് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട്.
4.നികുതി നിയമങ്ങൾ മനസ്സിലാക്കുക
മിക്കവാറും എല്ലാ ബിസിനസിനും നികുതി ബാധകമാണ്. സംസ്ഥാന, കേന്ദ്ര നികുതി ഉൾപ്പെടെ നിരവധി തരത്തിലുള്ള നികുതികളുണ്ട്. ചില ബിസിനസുകൾക്ക്, പ്രാദേശിക നികുതിയും ബാധകമാണ്. വ്യത്യസ്ത കമ്പനികളും പ്രവർത്തന മേഖലകളും അനുസരിച്ച് നികുതിയിലും വ്യത്യാസമുണ്ട്.
5.തൊഴിൽ നിയമങ്ങളുമായി പൊരുത്തപ്പെടണം
വലിയതോ ചെറുതോ എന്ന വ്യത്യാസമില്ലാതെ മിക്കവാറും എല്ലാ കമ്പനികളും തൊഴിൽ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, മിനിമം വേതനം, പിഎഫ് പേയ്മെൻ്റുകൾ എന്നിവയെല്ലാം ഇതിൽ വരും. തൊഴിൽ നിയമങ്ങളെക്കുറിച്ച് അറിയാൻ, ഒരു അഭിഭാഷകനുമായി കൂടിയാലോചിക്കാം.
ഗ്രാറ്റുവിറ്റി പേയ്മെൻ്റ് ആക്ട്, 1972, ട്രേഡ് യൂണിറ്റ് നിയമം, 1926 തുടങ്ങിയവ തൊഴിൽ നിയമങ്ങളിൽ പെടുന്നവയാണ്.
കമ്പനി രെജിസ്ട്രേഷൻ
കമ്പനീസ് ആക്റ്റ് ഓഫ് ഇന്ത്യ അനുസരിച്ച് നിങ്ങളുടെ കമ്പനി കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ലെങ്കിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (LLP) ആരംഭിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് പങ്കാളികളെങ്കിലും ആവശ്യമാണ്. ഒറ്റയ്ക്കുള്ള കമ്പനിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു വ്യക്തി മാത്രമുള്ള കമ്പനിയാണ് അനുയോജ്യം. ഒരു ഓൺലൈൻ ബിസിനസ്സ് ആരംഭിക്കുകയാണെങ്കിൽപ്പോലും, ഒരു ഓൺലൈൻ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള നിയമപരമായ നടപടികളുമായി മുന്നോട്ട് പോകേണ്ടതുണ്ട്.
ഒരു ചെറിയ സ്വകാര്യ സ്ഥാപനം രൂപീകരിക്കുന്നത് വളരെ ചെലവേറിയതായിരിക്കും. ബിസിനസ് സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുമ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെടണം. രെജിസ്ട്രേഷൻ പ്രോസസ്സിംഗ് സമയത്ത് സർക്കാർ ഫീസ് അടയ്ക്കേണ്ടതുണ്ട്. രജിസ്ട്രേഷൻ പ്രക്രിയയ്ക്കായി, കുറഞ്ഞത് 20000 രൂപയെങ്കിലും ചെലവഴിക്കേണ്ടതുണ്ട്. ഇത് കൂടാതെ നിങ്ങൾ എല്ലാ വർഷവും നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. വിദേശത്ത് ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
കമ്പനി തുടങ്ങുന്നതിന് മുൻപ് രജിസ്റ്റർ ചെയ്യുക വഴി നിങ്ങളുടെ മുന്പോട്ടുള്ള ബിസിനസ് പ്രയാണത്തിന് ഒരുപാട് ഗുണങ്ങൾ ലഭിക്കും. ഗവൺമെന്റ് സ്കീമുകളുടെ പിന്തുണയും എളുപ്പത്തിലുള്ള ഫണ്ടിങ്ങുമെല്ലാം ഇതിൽ പെടുന്നവയാണ്.