ഹോം ലോൺ എടുക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ? ഹോം ലോൺ എടുത്തിട്ട് തവണകൾ മുടങ്ങിയ ആളാണോ നിങ്ങൾ? എങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ലോൺ എടുത്തിട്ട് ഇഎംഐ അടയ്ക്കാതിരുന്നാൽ പലിശ കൂടുകയും തുടരെ അടയ്ക്കാതിരുന്നാൽ ബാങ്ക് കൂടുതൽ നടപടികളിലേക്ക് പോകുകയും ചെയ്യുന്നു.
ചില കേസിൽ ഇഎംഐ പണമടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നതിൽ വലിയ പ്രശ്നമൊന്നുമില്ല. എന്നാൽ തുടർച്ചയായി മൂന്ന് മാസം ഹോം ലോൺ ഇഎംഐ അടയ്ക്കാതിരിക്കുകയാണെങ്കിൽ ബാങ്ക് കൂടുതൽ നടപടികൾക്കൊരുങ്ങും.
ബാങ്ക് ഇത്തരത്തിൽ മൂന്ന് മാസവും പണമടക്കാതിരിക്കുന്നവർക്ക് “ഡിഫോൾട്ടർ” എന്ന് പരിഗണിച്ച്, ഒരു നോട്ടീസ് അയക്കും. ഈ സാഹചര്യത്തിൽ ഉടൻ തന്നെ ലോൺ എടുത്തയാൾ ബാങ്കിനെ സമീപിച്ച്, അവരുടെ പ്രശ്നങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. നല്ലൊരു ക്രെഡിറ്റ് ചരിത്രവും, യഥാർത്ഥ കാരണം ബോധിപ്പിക്കലും പരിശോധിച്ച് ബാങ്ക് താല്പര്യപ്പെടുകയാണെങ്കിൽ അവർക്കായി ബാങ്ക് കുറച്ച് ഗ്രേസ് പീരിയഡ് അനുവദിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇവർ പണം അടക്കാതിരുന്നാൽ അവരുടെ സിബിൽ സ്കോർ കുറയും.
ഡിഫോൾട്ടർ ആയി പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകുബോൾ ബാങ്ക് SARFESI (Securitization and Reconstruction of Financial Assets and Enforcement of Security Interests Act) നിയമപ്രകാരം 60 ദിവസത്തെ അവസാന നോട്ടീസ് അയക്കും. വായ്പ സ്വീകരിച്ചവർക്ക് ബാധ്യതയായുള്ള പണം നേടാൻ ഈ നിയമം ബാങ്കുകൾക്ക് സ്വത്തുക്കൾ ലേലം ചെയ്യാൻ അധികാരം നൽകുന്നു. ഈ 60 ദിവസം, ലോൺ ഉടമസ്ഥന് ഇവരുടെ കുടിശ്ശിക തിരിച്ചടക്കാനുള്ള അവസരമായിരിക്കും. അതിനു ശേഷം ബാങ്ക് അവരുടെ സ്വത്ത് ലേലത്തിലൂടെ വിൽക്കുന്നു. ലേലത്തിലൂടെ ലഭിക്കുന്ന അധിക തുകകളിൽ ലോണുടമയ്ക്കും അവകാശം ഉണ്ടാകും.
ഡിഫോൾട്ട് ചെയ്യേണ്ടിവരുന്ന ദുഷ്കര സാഹചര്യത്തിൽ, ലോൺ ഉടമസ്ഥർക്ക് എത്രയും വേഗം സ്വന്തമായി അവരുടെ വീട് വിറ്റ് ബാങ്കിന് പണം തിരിച്ചടക്കുന്നതായിരിക്കും നല്ലത്.