കർണാടകയിലെ ഒലാ ഷോറൂമിന് മുമ്പിൽ വച്ച് ഒലാ സ്കൂട്ടറിന് തീ പിടിച്ചു. സംഭവത്തിന്റെ വീഡിയോ കോൺഗ്രസ് വക്താവ് ലാവണ്യ ബാലാൽ ജെയിൻ സോഷ്യൽ മീഡിയായ എക്സ് വഴി പങ്കുവെച്ചു. ബംഗളൂരുവിൽ ജയദേവ് ആശുപത്രിക്ക് സമീപം ബിടിഎം ലേഔട്ട് പ്രദേശത്ത് നടന്ന സംഭവത്തിൽ, സ്കൂട്ടർ തീയിൽ മൊത്തമായി കത്തുന്ന ദൃശ്യങ്ങളും അത് റെക്കോർഡ് ചെയ്യുന്ന ആളുകളെയും വീഡിയോയിൽ കാണാം.
ഇതിനു മുൻപും ഒലാ ഇലെക്ട്രിക് സ്കൂട്ടറിന് തീപിടിച്ചിട്ടുണ്ട്. ഷോറൂമിന് മുൻപിലുണ്ടായ ഈ സംഭവം ഭാവിഷ് അഗർവാൾ നയിക്കുന്ന ഒലാ ഇലക്ട്രിക്കിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ഒക്ടോബർ 7 ന്, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഒലാ ഇലക്ട്രിക്കിന് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിൽ നൂറുകണക്കിന് പരിഹരിക്കാത്ത പരാതികളും അപര്യാപ്തമായ പരിഹാര രീതികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
“ഒലാ ഇലക്ട്രിക്കിനെ കുറിച്ചുള്ള നിരവധി പരാതികളാണ് സിസിപിഎ അന്വേഷിക്കുന്നത്. പ്രധാന പ്രശ്നം സേവനവുമായി ബന്ധപ്പെട്ടതാണ്. ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” സംഭവത്തെക്കുറിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.
എന്നാൽ ഒലാ ഇലക്ട്രിക്കിന് ഒരു സമഗ്ര പരാതിപ്പരിഹാര സംവിധാനം ഉണ്ടെന്നും ഇതുവരെയുള്ള 10,644 പരാതികളിൽ 99.1% ഉപഭോക്താക്കളുടെ പൂർണ്ണ സംതൃപ്തിയോടെ പരിഹരിക്കപ്പെട്ടുവെന്നും ഒലാ ഇലക്ട്രിക്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഹരീഷ് അഭിചന്ദാനി പറഞ്ഞു.