സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലെ മാതാപിതാക്കൾക്ക് വിദ്യാർത്ഥികളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഉപരിപഠനത്തിന് വിടാൻ സഹായിക്കുന്ന ഒരു മാർഗമാണ് വിദ്യാഭ്യാസ വായ്പ. ഇന്ത്യയിലോ വിദേശത്തോ ഉപരിപഠനത്തിന് ധനസഹായം ആവശ്യമുള്ളവരിൽ യോഗ്യതയുള്ളവർക്ക് വിദ്യാഭ്യാസ വായ്പ എടുക്കാൻ കഴിയും.
നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ എഡ്യൂക്കേഷൻ ലോൺ തിരഞ്ഞെടുക്കാൻ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ താഴെപ്പറയുന്നവയാണ്:
- യോഗ്യതാ മാനദണ്ഡങ്ങൾ
ലോൺ എടുക്കുന്നതിന് ആദ്യമായി അറിഞ്ഞിരിക്കേണ്ടത് യോഗ്യതാ മാനദണ്ഡങ്ങളാണ്. ബാങ്കുകൾ ഓരോന്നും വ്യത്യസ്തമായതിനാൽ മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ടാകും. ക്രെഡിറ്റ് സ്കോർ, വരുമാനം, നിലവിലുള്ള ലോൺ, പ്രായം മുതലായവ ബാങ്ക് പരിഗണിക്കും. നിങ്ങൾക്ക് താത്പര്യമുള്ള ബാങ്കിൽ നിന്നും അവർ ലോൺ നൽകുന്ന കോഴ്‌സുകൾ, ചെലവുകൾ, കോളേജുകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കി അതിനനുസരിച്ച് ലോണിന് അപേക്ഷിക്കാവുന്നതാണ്.
- ലോൺ വിഭാഗങ്ങൾ
വിദ്യാഭ്യാസ വായ്പ സെക്യൂർഡ് ലോൺ അൺസെക്യൂർഡ് ലോൺ എന്നിങ്ങനെയായി തരം തിരിച്ചിരിയ്ക്കുന്നു. സെക്യൂർഡ് ലോൺ വായ്പാ തുകയ്ക്ക് നിങ്ങൾ വീടുപോലുള്ള എന്തെങ്കിലും ഈട് വെക്കേണ്ടിവരും. അപേക്ഷിക്കുന്നതിന് മുമ്പ് ഇത് മനസ്സിലാക്കി തീരുമാനമെടുക്കുക. പലിശ നിരക്ക്, വായ്പാ തുക, കാലാവധി എന്നിവ കൃത്യമായി മനസിലാക്കുക. - പലിശ നിരക്ക്
ബാങ്കുകളെ താരതമ്യം ചെയ്യുന്ന സമയത്ത് പലിശ നിരക്ക് പ്രധാനമായും പരിഗണിക്കണം. എഡ്യൂക്കേഷൻ ലോൺ പലിശ നിരക്ക്, വായ്പാ തുക, കാലാവധി എന്നിവ ഓരോ ബാങ്കിന്റെയും കൃത്യമായി മനസിലാക്കണം.
ഇന്ത്യയിലെ മികച്ച ചില ബാങ്കുകൾ 11.5% വാർഷിക നിരക്കിൽ വിദ്യാഭ്യാസ വായ്പ നൽകുന്നുണ്ട്. ഇതുപോലുള്ള ബാങ്കുകളെ പരിഗണിക്കുക.
- മാർജിൻ പണം
ഹോം ലോൺ പോലുള്ള മറ്റു വായ്പകളിൽ നല്കുന്നതുപോലെ നിങ്ങൾ ഡൗൺ പേയ്മെന്റ് ചെയ്യുന്ന തുകയാണ് മാർജിൻ പണം. കോഴ്‌സ് ഫീസിന്റെ ഒരു നിർദ്ദിഷ്ട ശതമാനം ഈ മാർജിൻ പണമായി കാണാവുന്നതാണ്. ഉദാഹരണത്തിന്, ഒരു കോഴ്‌സിന്റെ ഫീസ് 10 ലക്ഷം രൂപയാണ് എങ്കിൽ, ബാങ്ക് യോഗ്യതയ്ക്കനുസരിച്ച് 8 ലക്ഷം രൂപ വരെ ലോൺ അനുവദിക്കാം. എന്നാൽ ബാക്കി 2 ലക്ഷം രൂപ നിങ്ങളുടെ സ്വന്തം വകയിൽ നൽകേണ്ടിവരും.
- ലോൺ കാലാവധി
അവസാനമായി പരിഗണിക്കേണ്ടത് വായ്പയുടെ കാലാവധിയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കുകൾ, സെക്യൂർഡ് ലോണിന് 10 വർഷം വരെ കാലാവധി നൽകും. അൺസെക്യൂർഡ് ലോണിന് 8 വർഷം വരെ കാലാവധി ലഭ്യമാണ്. കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം ഏകദേശം ആറു മാസത്തെ കാലാവധി അനുവദിക്കും. ഈ സമയത്ത് നിങ്ങൾക്ക് വായ്പയുടെ പലിശ മാത്രമാണ് അടയ്ക്കേണ്ടത്.