ഇന്ത്യയെ ആഗോള ഡീപ്പ് ടെക് തലസ്ഥാനമാക്കി മാറ്റാനുള്ള ശ്രമത്തിൽ കേരളം നിർണായക പങ്കുവഹിക്കാൻ ഒരുങ്ങുകയാണ്. പ്രത്യേകിച്ച് എമർജിംഗ് ടെക്നോളജി ഹബ് (ETH) സംരംഭം മുഖേന വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങൾ കേരളത്തിന്റെ സമഗ്രമായ വികസനത്തിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോവളത്തുള്ള ബീച്ച് ടൂറിസം ഹബ്ബിൽ കേരള സ്റ്റാർട്ടപ് മിഷൻ (KSUM) സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2024 എന്ന ദേശീയ തലത്തിലുള്ള സ്റ്റാർട്ടപ്പ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമർജിംഗ് ടെക്നോളജി ഹബ് (ETH) സംരംഭം അഞ്ച് ഉയർന്ന വളർച്ചാ മേഖലകളെ പ്രധാനം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷ്യ-കൃഷി, ബഹിരാകാശ സാങ്കേതിക വിദ്യ, പുനരുത്പാദന ഊർജം, ഡിജിറ്റൽ മീഡിയ, വിനോദം, ആരോഗ്യം. ജീവശാസ്ത്രം എന്നിവയിൽ ഊന്നൽ നൽകുന്ന ഒരു ഭാവി ഉൽപ്പന്ന വികസന കേന്ദ്രമായാണ് ETH സംരംഭം വിഭാവനം ചെയ്തിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
200 മില്യൺ ഡോളർ കേര പ്രൊജക്റ്റ്, ലോകബാങ്കിന്റെ സഹായത്തോടെ, കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖ്യ പദ്ധതിയുടെ ഭാഗമാണ്.
“ETH സംരംഭം പി.പി.പി മാതൃകയിൽ (പൊതു-സ്വകാര്യ പങ്കാളിത്തം) 350 കോടിയോളം രൂപ മുതൽമുടക്കിൽ തിരുവനന്തപുരം ടെക്നോസിറ്റിയിലെ മൂന്നു ഏക്കർ സ്ഥലത്ത് നടപ്പാക്കപ്പെടും. ഈ പുതിയ സംരംഭത്തിൽ നിക്ഷേപിക്കാൻ ലോകമെമ്പാടുമുള്ള നിക്ഷേപകരെയും സ്ഥാപനങ്ങളെയും ക്ഷണിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ദിവസത്തെ ഇവന്റിന്റെ ഉദ്ഘാടന സെഷനിൽ നിരവധി കരാറുകൾ ഒപ്പുവെച്ചു. ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് സ്റ്റാർട്ടപ്പുകളുമായും നിക്ഷേപകരുമായും മുഖ്യമന്ത്രി നേരിട്ട് സംവദിക്കുകയും ചെയ്തു.
2016 മുതൽ കേരള സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ വളർച്ച ചടങ്ങിൽ മുഖ്യമന്ത്രി വിവരിച്ചു. 6,100-ലധികം സ്റ്റാർട്ടപ്പുകൾ, 62,000-ലധികം തൊഴിൽ അവസരങ്ങൾ, 5,800 കോടി രൂപയുടെ നിക്ഷേപം ഇവയെല്ലാം സംസ്ഥാനത്തിന്റെ സംരംഭക വ്യവസ്ഥിതിയുടെ ശക്തിയെ തെളിയിക്കുന്നുവെന്നും സ്റ്റാർട്ടപ്പുകളുടെ തുടക്ക ഘട്ട നിക്ഷേപം അത്യാവശ്യമായതിനാൽ, കേരള ഏയ്ഞ്ചൽ നെറ്റ്വർക്ക്, മലബാർ ഏയ്ഞ്ചൽ നെറ്റ്വർക്ക് മാതൃകയിൽ ഏയ്ഞ്ചൽ ഫണ്ടുകൾ സ്ഥാപിക്കാൻ സംസ്ഥാനത്തെ വലിയ നെറ്റ്വർത്തുള്ള ആളുകൾ (HNIs) മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
അവസാനമായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പുതിയ അവസരങ്ങളിലേക്ക് വാതിലുകൾ തുറക്കുന്നുവെങ്കിലും, എ ഐ യുടെ സാമൂഹിക പ്രശ്നങ്ങങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സാധ്യതകൾ തുടർച്ചയായി അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.