കാമ്പ കോളയുടെ തിരിച്ചുവരവ് ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് മേഖലയിലൊരു വലിയ മാറ്റം നടത്തിയിരിക്കുകയാണ്. ഈ ബ്രാൻഡ് ഇന്ത്യൻ വിപണി കീഴടക്കാൻ തുടങ്ങിയതോടെ കോക്ക കോളയും പെപ്സികോയും വിലകുറച്ച് വിപണി നേടാൻ മത്സരിക്കുകയാണ്.
കോക്ക കോളയും പെപ്സികോയും ഇന്ത്യയിൽ ഇല്ലാതിരുന്ന സമയത്ത് കാമ്പ കോള ബ്രാൻഡ് ഇവിടുത്തെ പ്രധാന സാന്നിധ്യമായിരുന്നു. ഫാസ്ട് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (FMCG) മേഖലയിലേക്കുള്ള റിലയൻസിന്റെ പ്രവേശനത്തിലൂടെ, 2022-ൽ റിലയൻസ് റീട്ടെയിൽ ഈ ബ്രാൻഡ് സ്വന്തമാക്കിയതോടെ സോഫ്റ്റ് ഡ്രിങ്ക് രംഗത്തെ ഒരു നിർണായക മാറ്റത്തിന് തുടക്കമിട്ടു. കാമ്പ കോളാ ബ്രാൻഡ് ₹22 കോടിക്കായിരുന്നു റിലയൻസ് ഗ്രൂപ്പ് വാങ്ങിയത്.
2023-ൽ, രണ്ട് പുതിയ ഫ്ലേവർ ചേർത്ത് കാമ്പ കോള വീണ്ടും വിപണിയിൽ തിരിച്ചെത്തി. റിലയൻസ് ഇൻഡസ്ട്രീസ് എന്ന ശക്തമായ കമ്പനിയുടെ സാമ്പത്തിക പിന്തുണയോടെ കാമ്പ കോള തങ്ങളുടെ മാർക്കറ്റ് ഷെയർ പിടിക്കാനായി വിലക്കുറച്ചിലിന്റെ മാതൃക സ്വീകരിച്ചു. മറ്റ് ബ്രാൻഡുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 200 എം.എൽ കാമ്പ കോള ബോട്ടിലിന് ₹10 രൂപയും 500 എം.എൽ ബോട്ടിലിന് ₹20 രൂപയും എന്ന വിലയോട് കൂടി, പകുതി വിലയ്ക്ക് മാർക്കറ്റിൽ ലഭ്യമാക്കി.
സാധാരണയായി 200 എം.എൽ ബോട്ടിലുകൾ ₹20 രൂപയ്ക്ക് ലഭ്യമാകുമ്പോൾ, കാമ്പ കോളയുടെ വില 50% കുറച്ച് വിപണിയിലെത്തിച്ചു. ഇതിനെതിരെ, കോക്ക കോളയും പെപ്സികോയും വലുതായ ബോട്ടിലുകൾക്ക് പ്രമോഷണൽ വിലകൾ കൊണ്ടുവന്നു. എന്നാൽ, കാമ്പ കോളയുടെ വിതരണ ശൃംഖല കുറവായതിനാൽ പ്രാഥമിക ഘട്ടത്തിൽ വില പോരാട്ടം മറ്റ് ബ്രാൻഡുകളെ ബാധിച്ചില്ലെന്ന് ഗ്ലോബൽഡാറ്റയുടെ ലീഡ് കൺസ്യൂമർ അനലിസ്റ്റായ പാർതസാരഥി റെഡ്ഡി ബൊക്കല പറഞ്ഞു.
നൂറുകണക്കിനു കേന്ദ്രങ്ങളിലേക്ക് കാമ്പ കോളയുടെ വിതരണം വർദ്ധിച്ചതോടെ, ഈ സ്ഥിതിഗതികൾ മാറി. ചെറിയ വിലയും വിപുലമായ വിതരണവും കോക്ക കോളയുടെയും പെപ്സികോയുടെയും വിറ്റുപോകലിനെ ബാധിച്ചു. ഇതോടെ, ഈ രണ്ടു കമ്പനികൾക്കും കൂടുതൽ ഓഫറുകളും പ്രൊമോഷനുകളും കൊണ്ടുവരാൻ നിർബന്ധിതരായി. ഗ്ലോബൽഡാറ്റ ഇന്ത്യയുടെ കൺസ്യൂമർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫ്രാൻസിസ് ഗബ്രിയേൽ ഗോഡാഡ് പറഞ്ഞു.
കാമ്പ കോള വിപണി കൈയടക്കിയത് ഇങ്ങനെ
ഇന്ത്യയിലെ ഉപഭോക്താക്കളുടെ വരുമാന പരിമിതിക്കനുസരിച്ചുള്ള സാഹചര്യത്തിൽ കുറഞ്ഞ വിലയുള്ള ഓപ്ഷനുകളിലേക്ക് ജനങ്ങൾ തിരിഞ്ഞു.
ആരോഗ്യപ്രാധാന്യമുള്ള പാനീയങ്ങൾക്ക് ഡിമാൻഡ് ഉയർന്നുകൊണ്ടിരിന്നു. കാമ്പ കോളയുടെ തിരിച്ചുവരവ് ഇന്ത്യൻ സോഫ്റ്റ് ഡ്രിങ്ക് വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ഈ രംഗം കൂടുതൽ വളർച്ച കൈവരിക്കുന്ന ഒരു മേഖലയായി മാറി.