ഇന്ത്യയിലെ ഓൺലൈൻ പലചരക്ക് വിപണിയിലെ കടുത്ത മത്സരങ്ങൾക്കിടയിൽ, ബിഗ്ബാസ്കറ്റിന്റെ (BigBasket) നഷ്ടം കുത്തനെ വർദ്ധിച്ചു. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഉപഭോക്തൃ (B2C) വരുമാനം 7.7 ശതമാനം വർദ്ധിച്ച് 8,223 കോടി രൂപയായെങ്കിലും, നഷ്ടം 66 ശതമാനം ഉയർന്ന് 3,073 കോടി രൂപയിലെത്തി. ഉപഭോക്താക്കൾക്കിടയിൽ ഡിമാൻഡ് കൂടുതലാണെങ്കിലും ഈ മേഖലയിലെ മിക്ക കമ്പനികൾക്കും ലാഭം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
2024 ഓഗസ്റ്റിൽ ക്വിക്ക് കൊമേഴ്സ് (quick commerce) മേഖലയിലേക്ക് പൂർണ്ണമായും മാറിയതോടെയാണ് ബിഗ്ബാസ്കറ്റിന്റെ നഷ്ടം ഇത്രയധികം വർദ്ധിച്ചത്. ലോജിസ്റ്റിക്സ്, ഡാർക്ക് സ്റ്റോറുകൾ, ഡിസ്കൗണ്ടുകൾ എന്നിവയ്ക്കായി വലിയ തുക ചിലവാക്കേണ്ടി വന്നു. ബി2ബി (B2B) വിഭാഗം കൂടി ഉൾപ്പെടുമ്പോൾ കമ്പനിയുടെ ആകെ വരുമാനം കഴിഞ്ഞ വർഷത്തെ 9,861 കോടിയിൽ നിന്ന് 10,521 കോടി രൂപയായി വർദ്ധിച്ചു. എന്നാൽ ഇരു വിഭാഗങ്ങളുടെയും കൂടിയുള്ള മൊത്തം നഷ്ടം 3,175 കോടി രൂപയാണ്.
ബിഗ്ബാസ്കറ്റിന്റെ 84.23 ശതമാനം ഓഹരികളും സ്വന്തമാക്കിയിട്ടുള്ള ടാറ്റ ഡിജിറ്റലിന്റെ മൊത്തത്തിലുള്ള നഷ്ടവും 4,610 കോടിയിൽ നിന്ന് 4,974 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. ഈ വിപണിയിലെ പ്രധാന എതിരാളികളായ സെപ്റ്റോയ്ക്ക് (Zepto) 5,905 കോടി രൂപയുടെ വൻ നഷ്ടം സംഭവിച്ചപ്പോൾ, ക്വിക്ക് കൊമേഴ്സ് രംഗത്തെ മുൻനിരക്കാരായ ബ്ലിങ്കിറ്റ് (Blinkit) 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 102 കോടി രൂപയുടെ പ്രവർത്തന ലാഭം നേടിയിട്ടുണ്ട്.