ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കും ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണികൾക്കുമെതിരെ ശക്തമായ നടപടികളുമായി വാട്ട്സ്ആപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സുരക്ഷാ നടപടികളുടെ ഭാഗമായി, 2026 ജനുവരി മുതൽ ഇന്ത്യയിൽ ഇത്തരം തട്ടിപ്പുകളിൽ ഉൾപ്പെട്ട 9,400 അക്കൗണ്ടുകൾ വാട്ട്സ്ആപ്പ് നിരോധിച്ചു. റിസർവ് ബാങ്ക്, ടെലികോം വകുപ്പ് (DoT), അന്വേഷണ ഏജൻസികൾ എന്നിവരുമായി സഹകരിച്ചാണ് ഈ നടപടികൾ സ്വീകരിക്കുന്നത്.
വ്യാജ അക്കൗണ്ടുകൾ തിരിച്ചറിയാനും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനുമുള്ള പുതിയ സുരക്ഷാ സംവിധാനങ്ങൾ കമ്പനി ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളിൽ ഭൂരിഭാഗവും കംബോഡിയ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യജ പേരുകളും പ്രൊഫൈലുകളും ഉപയോഗിച്ച് സംഘടിതമായ ഗ്രൂപ്പുകൾ വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
തട്ടിപ്പുകൾ പൂർണ്ണമായും തടയുന്നതിനായി ടെലികോം വകുപ്പിന്റെ നിർദ്ദേശപ്രകാരം ‘സിം ബൈൻഡിംഗ്’ (SIM binding) സംവിധാനം വാട്ട്സ്ആപ്പ് ഉടൻ നടപ്പിലാക്കും. ഡിവൈസിലുള്ള കെവൈസി (KYC) പൂർത്തിയാക്കിയ യഥാർത്ഥ സിം കാർഡുമായി ആപ്പിനെ നിരന്തരം ബന്ധിപ്പിക്കുന്ന ഈ രീതി അടുത്ത നാല് മുതൽ ആറ് മാസങ്ങൾക്കുള്ളിൽ നിലവിൽ വരും. ഇതിനുപുറമെ, സംശയാസ്പദമായ സിം കാർഡുകൾ വേഗത്തിൽ ബ്ലോക്ക് ചെയ്യാനും വെബ് വേർഷനുകളിൽ അപകടസാധ്യതയുള്ള അക്കൗണ്ടുകളെ കണ്ടെത്താൻ നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കാനും സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.