ഇ-കൊമേഴ്‌സ് ബിസിനസുകൾക്കായി കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡുകളും ബാങ്കിംഗ് സേവനങ്ങളും നൽകിയിരുന്ന പ്രമുഖ അമേരിക്കൻ ഫിൻടെക് സ്റ്റാർട്ടപ്പായ ‘പാർക്കർ’ (Parker) പാപ്പരത്വ ഹർജി (Chapter 7 bankruptcy) നൽകി. ഇതോടെ കമ്പനിയുടെ പ്രവർത്തനം പൂർണ്ണമായും അവസാനിച്ചതായാണ് റിപ്പോർട്ടുകൾ. തങ്ങളുടെ ക്രെഡിറ്റ് കാർഡ് പാർട്ണറായ പേട്രിയറ്റ് ബാങ്ക് (Patriot Bank) വഴി ഇടപാടുകാർക്ക് കമ്പനി പൂട്ടിയ വിവരം ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇത് നിലവിലെ ഉപഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വൈ കോമ്പിനേറ്റർ (Y Combinator), വലാർ വെഞ്ച്വേഴ്‌സ് എന്നിവയുടെ പിന്തുണയോടെ ആരംഭിച്ച പാർക്കർ 2023-ലാണ് തങ്ങളുടെ സേവനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇ-കൊമേഴ്‌സ് സംരംഭകർക്ക് മികച്ച സാമ്പത്തിക സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. വായ്പകൾ ഉൾപ്പെടെ 200 ദശലക്ഷം ഡോളറിലധികം ഫണ്ടിംഗ് നേടിയിരുന്നതായി കമ്പനിയുടെ വെബ്സൈറ്റ് ഇപ്പോഴും അവകാശപ്പെടുന്നുണ്ട്. എന്നാൽ 50 മുതൽ 100 ദശലക്ഷം ഡോളർ വരെ ബാധ്യതകൾ കമ്പനിക്കുള്ളതായാണ് പാപ്പരത്വ ഹർജിയിലെ രേഖകൾ വ്യക്തമാക്കുന്നത്.
കമ്പനിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ പരാജയപ്പെട്ടതാണ് ഈ അപ്രതീക്ഷിതമായ അടച്ചുപൂട്ടലിന് പ്രധാന കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അടച്ചുപൂട്ടലിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ആവശ്യത്തിലധികം ജീവനക്കാരെ നിയമിച്ചതും (over-hiring) എടുത്തുചാടിയുള്ള തീരുമാനങ്ങളുമാണ് തങ്ങൾക്ക് വിനയായതെന്ന് കമ്പനിയുടെ സിഇഒ യാസിൻ സിബസ് (Yacine Sibous) ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പരോക്ഷമായി സമ്മതിക്കുന്നുണ്ട്.