dsgadsreg

സത്വകാർട്ട് പ്രവർത്തനം അവസാനിപ്പിച്ചു; 12 വർഷത്തെ യാത്രയ്ക്ക് വിരാമം

ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രമുഖ ഓൺലൈൻ ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പായ ‘സത്വകാർട്ട്’ (Satvacart) 12 വർഷത്തെ പ്രവർത്തനത്തിന് ശേഷം സേവനം പൂർണ്ണമായും അവസാനിപ്പിച്ചു. ഓഗസ്റ്റ് 28 ആയിരുന്നു കമ്പനിയുടെ അവസാന പ്രവൃത്തിദിനം. വിപണിയിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ ഫണ്ടിംഗ് ലഭിക്കാതെ വന്നതും മറ്റ് വൻകിട കമ്പനികളുമായുള്ള നിക്ഷേപ, ഏറ്റെടുക്കൽ ചർച്ചകൾ പരാജയപ്പെട്ടതുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സ്ഥാപകനായ രാഹുൽ എച്ച്. സക്‌സേന ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനോടകം തന്നെ കമ്പനിയിലെ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

2014-ൽ പാൽ വിതരണത്തോടെയാണ് സത്വകാർട്ട് തങ്ങളുടെ സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് ഒരു ഇൻവെന്ററി അധിഷ്ഠിത ഗ്രോസറി ഡെലിവറി മോഡലിലേക്ക് മാറിയ ഇവർ, അതിവേഗത്തിലുള്ള വിപുലീകരണത്തേക്കാൾ ലാഭം ഉണ്ടാക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2015-ൽ മികച്ച ഫണ്ടിംഗ് നേടിയ കമ്പനി, 2016-ൽ തന്നെ സാമ്പത്തികമായി മികച്ച നിലയിലെത്തുകയും 2019-ഓടെ പ്രവർത്തന ലാഭം കൈവരിക്കുകയും ചെയ്തിരുന്നു. ലാഭത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സാവധാനം വളരാനായിരുന്നു സത്വകാർട്ട് ശ്രമിച്ചത്.

എന്നാൽ ഇന്ത്യയിലെ ഓൺലൈൻ ഗ്രോസറി വിപണിയിൽ ക്വിക്ക്-കൊമേഴ്സ് (Quick commerce) പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവ് സത്വകാർട്ടിന് വലിയ തിരിച്ചടിയായി മാറി. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ കമ്പനികളുടെ അതിവേഗത്തിലുള്ള ഡെലിവറി സേവനങ്ങൾ വിപണി കീഴടക്കിയതോടെ സത്വകാർട്ടിന് ആവശ്യമായ തോതിൽ വളർച്ച നേടാൻ സാധിക്കാതെ വരികയായിരുന്നു. കമ്പനിയുടെ നിലനിൽപ്പിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും യാതൊരുവിധ കുറ്റബോധവുമില്ലാതെയാണ് താൻ പടിയിറങ്ങുന്നതെന്നും രാഹുൽ എച്ച്. സക്‌സേന കൂട്ടിച്ചേർത്തു.

Category

Author

:

Gayathri

Date

:

ഓഗസ്റ്റ്‌ 31, 2026

Share

:

Join our WhatsApp Group for more updates!

Recent Posts