ഇന്ത്യൻ വിപണിയിലേക്ക് കടക്കുന്നതിന്റെ സൂചനകൾ നല്കിയിരിക്കുകയാണ് എലോൺ മസ്കിൻ്റെ ടെസ്ല കമ്പനി. എന്നാൽ ഇറക്കുമതി തീരുവ മറികടക്കാൻ ഇന്ത്യയിൽ ഒരു ഫാക്ടറി നിർമ്മിക്കാനുള്ള കമ്പനിയുടെ നീക്കം ‘വളരെ അന്യായം’ എന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. ഫോക്സ് ന്യൂസിന്റെ സീൻ ഹാനിറ്റിക്ക് വേണ്ടി ടെസ്ല സിഇഒ എലോൺ മസ്കുമായി നടത്തിയ സംയുക്ത അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ കാറുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ ഉയർന്ന തീരുവയെക്കുറിച്ച് താൻ പരാമർശിച്ചതായി പ്രസിഡന്റ് ട്രംപ് അനുസ്മരിച്ചു, പക്ഷേ വ്യാപാര കരാറിനായി പ്രവർത്തിക്കാനും താരിഫ് സംബന്ധിച്ച തർക്കം പരിഹരിക്കാനും ഇരുവരും സമ്മതിച്ചിരുന്നു.
എലോണ് മസ്കിന് ഇന്ത്യയിൽ ഒരു കാർ വിൽക്കുന്നത് അസാധ്യമാണെന്ന് ട്രംപ് പറഞ്ഞു. “ലോകത്തിലെ എല്ലാ രാജ്യങ്ങളും ഞങ്ങളെ മുതലെടുക്കുന്നത് ഇറക്കുമതി തീരുവ ഉപയോഗിച്ചാണ്… പ്രായോഗികമായി ഒരു കാർ വിൽക്കുകന്നത് ഇന്ത്യയെപ്പോലൊരു രാജ്യത്ത് അസാദ്യമാണ്” അദ്ദേഹം പറഞ്ഞു.
എലോൺ മസ്ക് അവിടെ ഒരു ഫാക്ടറി നിർമ്മിക്കാൻ തീരുമാനിച്ചാൽ അത് അമേരിക്കയോടുള്ള അനീതിയാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. “ഇപ്പോൾ, അദ്ദേഹം ഇന്ത്യയിൽ ഫാക്ടറി നിർമ്മിച്ചിട്ടുണ്ടെങ്കിൽ, അത് കുഴപ്പമില്ല, പക്ഷേ അത് ഞങ്ങളോടുള്ള അനീതിയാണ്. ഇത് തികച്ചും അനീതിയാണ്,” ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ആ രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന അതേ അളവിലുള്ള താരിഫ് യുഎസ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. “ഞാൻ 25 ശതമാനം പറഞ്ഞാൽ, അവർ പറയും, ‘ഓ, അത് ഭയങ്കരമാണ്.’ ഇനി ഞാനങ്ങനെ പറയില്ല… കാരണം ഞാൻ പറയുന്നു, ‘അവർ എന്ത് ഈടാക്കിയാലും ഞങ്ങൾ ഈടാക്കും.’ തന്റെ താരിഫ് പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെ ട്രംപ് ചൊവ്വാഴ്ച ഫോക്സ് ന്യൂസിനോട് പറഞ്ഞു.
എന്നിരുന്നാലും, ഒരു കാർ നിർമ്മാതാവ് കുറഞ്ഞത് 500 ദശലക്ഷം ഡോളർ നിക്ഷേപിക്കുകയും ഫാക്ടറി സ്ഥാപിക്കുകയും ചെയ്താൽ ഇറക്കുമതി നികുതി 15 ശതമാനമായി കുറയ്ക്കുന്ന പുതിയ ഇലക്ട്രിക് വാഹന നയം മാർച്ചിൽ ഇന്ത്യൻ സർക്കാർ പുറത്തിറക്കിയിരുന്നു.
ടെസ്ലയുടെ ഇന്ത്യാ പ്രവേശനം
എലോൺ മസ്കിന്റെ ടെസ്ല ഈ വർഷം ഏപ്രിലിൽ തന്നെ ഇന്ത്യൻ മാർക്കറ്റിൽ പ്രവേശിക്കുമെന്ന് റിപ്പോർട്ടുകൾ അറിയിച്ചു. ഇന്ത്യൻ നഗരങ്ങളായ ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെ രണ്ട് ഷോറൂമുകൾക്കായി ഇവി നിർമ്മാതാക്കൾ സ്ഥലങ്ങൾ തിരഞ്ഞെടുത്തതായും റിപ്പോർട്ടുണ്ട്.
ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്സ് പോലുള്ള പ്രാദേശിക വാഹന നിർമ്മാതാക്കളെ സംരക്ഷിക്കുന്നതിന് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിന് ഇന്ത്യയെ ദീർഘകാലമായി ടെസ്ല സിഇഒ എലോൺ മസ്ക് നേരത്തെ വിമർശിച്ചിരുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
