മൂല്യനിർണ്ണയത്തിലെ തർക്കങ്ങളെ തുടർന്ന് മൂന്ന് മാസം മുമ്പ് പരാജയപ്പെട്ട ലയന ചർച്ചകൾക്ക് ശേഷം, പ്രമുഖ എഡ്ടെക് കമ്പനിയായ അൺഅക്കാദമിയുടെ (Unacademy) 100 ശതമാനം ഓഹരികളും അപ്ഗ്രേഡ് (upGrad) സ്വന്തമാക്കുന്നു. ഇതൊരു ഷെയർ സ്വാപ്പ് ഡീലാണെന്ന് അൺഅക്കാദമി സഹസ്ഥാപകൻ ഗൗരവ് മുൻജാൽ വ്യക്തമാക്കി. കരാർ പ്രകാരം അദ്ദേഹം കമ്പനിയുടെ സിഇഒ ആയി തുടരും. നിർമ്മിത ബുദ്ധിയിലൂടെ (AI) എഡ്ടെക് മേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അപ്ഗ്രേഡ് സ്ഥാപകൻ റോണി സ്ക്രൂവാലയും ഈ ഏറ്റെടുക്കൽ സ്ഥിരീകരിച്ചുകൊണ്ട് പ്രതികരിച്ചു.
കമ്പനിയെ സാമ്പത്തികമായി കൂടുതൽ മികച്ച നിലയിൽ എത്തിക്കുന്നതിനായി അടുത്തിടെ അൺഅക്കാദമി തങ്ങളുടെ ഓഫ്ലൈൻ സെൻ്ററുകൾ ഫ്രാഞ്ചൈസികളാക്കി മാറ്റുകയും 50 കോടി രൂപയുടെ ഇഎസ്ഒപി (ESOP) തിരികെ വാങ്ങുകയും ചെയ്തിരുന്നു. മുൻപ് 3.5 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം ഏകദേശം 500 മില്യൺ ഡോളറായി ചുരുങ്ങിയെന്നാണ് ഗൗരവ് മുൻജാൽ അടുത്തിടെ സമ്മതിച്ചത്. കോവിഡിന് ശേഷം എഡ്ടെക് മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് ടൈഗർ ഗ്ലോബൽ, മെറ്റാ തുടങ്ങിയ വൻകിട നിക്ഷേപകരുള്ള അൺഅക്കാദമിയെ മറ്റ് കമ്പനികളുമായി ലയന ചർച്ചകൾ നടത്താൻ നിർബന്ധിതരാക്കിയത്.
എഡ്ടെക് മേഖലയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്ന അപ്ഗ്രേഡിൻ്റെ ഒരു മാസത്തിനിടയിലെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണിത്. കഴിഞ്ഞ മാസം അവർ ഇൻ്റേൺശാലയുടെ (Internshala) 90 ശതമാനം ഓഹരികൾ ഏകദേശം 100 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. 2022 മുതൽ നിരവധി കമ്പനികളെ ഏറ്റെടുത്ത അപ്ഗ്രേഡ്, പാപ്പരത്ത നടപടികൾ നേരിടുന്ന ബൈജൂസിൻ്റെ (BYJU’S) ആസ്തികൾ സ്വന്തമാക്കാനും ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.