നിത്യോപയോഗ സാധനങ്ങൾ മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി ആമസോൺ തങ്ങളുടെ ക്വിക്ക് കൊമേഴ്‌സ് സേവനമായ ‘ആമസോൺ നൗ’ ഇന്ത്യയിലെ 100 നഗരങ്ങളിലേക്ക് വിപുലീകരിക്കുന്നു. ഇതിനായി ആയിരത്തിലധികം മൈക്രോ-ഫുൾഫിൽമെന്റ് സെന്ററുകൾ (MFC) ഇന്ത്യയിലുടനീളം സജ്ജമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ മുംബൈ, ഡൽഹി എൻസിആർ, ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രം ലഭ്യമായ ഈ സേവനം വൈകാതെ പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച 2,800 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഭാഗമായാണ് ആമസോണിന്റെ ഈ വിപുലീകരണം. നിലവിൽ 300-ഓളം മൈക്രോ-ഫുൾഫിൽമെന്റ് സെന്ററുകളുള്ള കമ്പനി 2026 അവസാനത്തോടെ ഈ നഗരങ്ങളിലെ തങ്ങളുടെ സാന്നിധ്യം ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു. ഈ പുതിയ നീക്കത്തിലൂടെ 16,000-ത്തിലധികം കർഷകർക്ക് ആമസോണിന്റെ സാങ്കേതികവിദ്യ വഴി തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
2025 ജൂണിൽ ആരംഭിച്ച ആമസോൺ നൗ, പുതിയ വിപുലീകരണത്തോടെ ഇന്ത്യൻ ക്വിക്ക് കൊമേഴ്‌സ് വിപണിയിൽ കൂടുതൽ ശക്തമാകും. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, റിലയൻസ് ജിയോമാർട്ട്, 250 നഗരങ്ങളിലേക്ക് അതിവേഗം വളരുന്ന ഫ്ലിപ്പ്കാർട്ട് മിനിറ്റ്സ് തുടങ്ങിയ എതിരാളികളുമായാണ് ആമസോൺ പ്രധാനമായും മത്സരിക്കുന്നത്. 2030-ഓടെ ഇന്ത്യൻ ക്വിക്ക് കൊമേഴ്‌സ് വിപണി 40 ബില്യൺ ഡോളർ മൂല്യമുള്ള വൻകിട ബിസിനസ്സായി മാറുമെന്ന പ്രതീക്ഷയിലാണ് കമ്പനികളെല്ലാം തങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കുന്നത്.