അഡെക്കോ ഇന്ത്യയുടെ (Adecco India) പുതിയ പഠന റിപ്പോർട്ട് പ്രകാരം, ഇലക്ട്രിക് വാഹന (EV) മേഖലയിൽ 2030-ഓടെ 3 മുതൽ 4 കോടി വരെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിനീയറിംഗ്, ഊർജ്ജ സംവിധാനങ്ങൾ, ബാറ്ററി സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പ്രഗത്ഭരായ ആളുകളുടെ ആവശ്യകത വർദ്ധിക്കുന്നതിനാൽ ഓരോ വർഷവും തൊഴിൽ നിയമനങ്ങളിൽ 15-20% വളർച്ചയുണ്ടാകും. പുതിയതായി സൃഷ്ടിക്കപ്പെടുന്നവയിൽ 10-15% നേരിട്ടുള്ള തൊഴിലുകളും 85-90% പരോക്ഷ തൊഴിലുകളുമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
നിലവിൽ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക തുടങ്ങിയ പരമ്പരാഗത വാഹന നിർമ്മാണ കേന്ദ്രങ്ങളിലാണ് കൂടുതൽ അവസരങ്ങൾ ഉള്ളതെങ്കിലും, വരും കാലങ്ങളിൽ ടയർ II, ടയർ III നഗരങ്ങളിലേക്ക് ഈ വളർച്ച അതിവേഗം വ്യാപിക്കും. പുതിയതായി നടക്കുന്ന തൊഴിൽ നിയമനങ്ങളിൽ 70 ശതമാനവും ഇത്തരം പുതിയ വ്യവസായ ഇടനാഴികളിൽ നിന്നായിരിക്കും. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ പിന്തുണയോടെയുള്ള ഈ മാറ്റം രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ആശ്രിതത്വം ഗണ്യമായി കുറയ്ക്കാനും ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും.
വാഹന നിർമ്മാണത്തിന് പുറമെ, സ്പെയർ പാർട്സ് ഉൽപ്പാദനം, ബാറ്ററി റീസൈക്ലിംഗ്, ഇവി അടിസ്ഥാന സൗകര്യ വികസനം എന്നീ രംഗങ്ങളിലായിരിക്കും വരും ദശാബ്ദത്തിൽ ഏറ്റവും കൂടുതൽ തൊഴിലുകൾ ഉണ്ടാവുക. മൊത്തം നിയമനങ്ങളിൽ 40-45 ശതമാനവും വാഹനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന ചെറുകിട സംരംഭങ്ങളിലൂടെയും (MSMEs) സ്റ്റാർട്ടപ്പുകളിലൂടെയുമായിരിക്കും നടക്കുക. കൂടാതെ, അതിവേഗം വളരുന്ന ബാറ്ററി റീസൈക്ലിംഗ് വിപണിയും ചാർജിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന മേഖലയും വരും വർഷങ്ങളിൽ വലിയ തോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.