നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) കണക്കുകൾ പ്രകാരം ജൂലായ് മാസത്തിൽ നടന്ന യുപിഐ (UPI) ഇടപാടുകളിൽ ഫോൺപേ (PhonePe) ഒന്നാം സ്ഥാനം നിലനിർത്തി. ഈ മാസത്തിൽ ആകെ 29.88 ലക്ഷം കോടി രൂപ മൂല്യമുള്ള 23.66 ബില്യൺ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഇതിൽ 10.86 ബില്യൺ ഇടപാടുകളും നടത്തിയത് ഫോൺപേ വഴിയാണ്. മൊത്തം യുപിഐ ഇടപാടുകളുടെ അളവിൽ 45.89 ശതമാനവും മൂല്യത്തിൽ 48.33 ശതമാനവും ഫോൺപേയുടെ സംഭാവനയാണ്.
യുപിഐ ഇടപാടുകളിൽ ഗൂഗിൾ പേ (Google Pay), പേടിഎം (Paytm) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. ജൂലായിൽ 7.65 ബില്യൺ ഇടപാടുകളുമായി ഗൂഗിൾ പേ വിപണിയുടെ 32.33 ശതമാനം സ്വന്തമാക്കിയപ്പോൾ, 1.90 ബില്യൺ ഇടപാടുകളുമായി പേടിഎം 8.05 ശതമാനം വിഹിതം നേടി. ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നീ ആദ്യ മൂന്ന് പ്ലാറ്റ്‌ഫോമുകൾ ചേർന്ന് രാജ്യത്തെ മൊത്തം യുപിഐ ഇടപാടുകളുടെ 86.28 ശതമാനവും കൈകാര്യം ചെയ്തു.
യുപിഐ വിപണിയിലെ മറ്റ് പ്രധാന കമ്പനികളിൽ നാവി (Navi) നാലാം സ്ഥാനം നിലനിർത്തി. ഫ്ലിപ്പ്കാർട്ടിന്റെ സൂപ്പർ.മണി (super.money), ഭീം (BHIM), ഫാംആപ്പ് (FamApp), വാട്സ്ആപ്പ് (WhatsApp), ക്രെഡ് (CRED), ആക്സിസ് ബാങ്ക് ആപ്പുകൾ തുടങ്ങിയവയാണ് മറ്റ് പ്രമുഖ പ്ലാറ്റ്‌ഫോമുകൾ. ഇടപാടുകളുടെ എണ്ണത്തിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും, ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുന്നതിൽ ക്രെഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.