S1353-01

ഐപിഒയ്ക്ക് മുന്നോടിയായി പുതിയ ബിസിനസ്സ് മേഖലകളിലേക്ക് കടക്കാൻ ഫ്ലിപ്കാർട്ട്

വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ബുക്ക്മൈഷോയ്ക്ക് വെല്ലുവിളിയായി സിനിമാ-ലൈവ് ഇവൻ്റ് ടിക്കറ്റിംഗ് രംഗത്തേക്ക് കടക്കാൻ ഒരുങ്ങുന്നു. തങ്ങളുടെ പ്രധാന ഇ-കൊമേഴ്‌സ് ബിസിനസിന് പുറമെ പുതിയ മേഖലകളിലേക്ക് വികസിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവിതരണ (food delivery) രംഗത്തേക്കും കമ്പനി വൈകാതെ എത്തിയേക്കും. ഇതിനായുള്ള പരീക്ഷണങ്ങൾ വരുന്ന മാസങ്ങളിൽ ബെംഗളൂരുവിൽ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. സ്വന്തമായി പ്ലാറ്റ്‌ഫോം നിർമ്മിക്കുകയോ അല്ലെങ്കിൽ സർക്കാരിന്റെ ഒഎൻഡിസി (ONDC) വഴി സേവനം ലഭ്യമാക്കുകയോ ചെയ്യാനാണ് ഫ്ലിപ്കാർട്ട് ആലോചിക്കുന്നത്.

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് (IPO) മുന്നോടിയായി ആഗോള-ആഭ്യന്തര നിക്ഷേപകരിൽ നിന്ന് 2 മുതൽ 2.5 ബില്യൺ ഡോളർ വരെ സമാഹരിക്കാൻ ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നുണ്ട്. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ സിഇഒ കല്യാൺ കൃഷ്ണമൂർത്തി പ്രമുഖ ബാങ്കർമാരുമായി ചർച്ചകൾ നടത്തി. ഐപിഒ നടപടികളുടെ ഭാഗമായി ഫ്ലിപ്കാർട്ട് അടുത്തിടെ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയിരുന്നു (റിവേഴ്സ് ഫ്ലിപ്പ്). ഇതിനിടെ 15 വർഷത്തെ സേവനത്തിന് ശേഷം കമ്പനിയുടെ സിഎഫ്ഒ ശ്രീറാം വെങ്കിട്ടരാമൻ സ്ഥാനമൊഴിയുകയും ചെയ്തു.

സാമ്പത്തികമായി മികച്ച മുന്നേറ്റമാണ് ഫ്ലിപ്കാർട്ട് അടുത്തിടെ നടത്തിയത്. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 14 ശതമാനം വർദ്ധിച്ച് 20,493 കോടി രൂപയാകുകയും, അറ്റനഷ്ടം 37 ശതമാനം കുറഞ്ഞ് 1,494 കോടി രൂപയായി ചുരുങ്ങുകയും ചെയ്തു. അതേസമയം നിയമപരമായ തിരിച്ചടിയും കമ്പനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഫ്ലിപ്കാർട്ടിന്റെ ‘MarQ’ എന്ന ബ്രാൻഡ് നാമം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാർക്ക് എന്റർപ്രൈസസുമായുള്ള (Marc Enterprises) വ്യാപാരമുദ്ര തർക്കത്തിൽ ഫ്ലിപ്കാർട്ട് നൽകിയ അപ്പീൽ ഡൽഹി ഹൈക്കോടതി തള്ളി.

Category

Author

:

Gayathri

Date

:

ഏപ്രിൽ 17, 2026

Share

:

Join our WhatsApp Group for more updates!

Recent Posts