S1611-01-01

ഇന്ത്യയിലെ സാമൂഹിക സംരംഭങ്ങൾക്ക് കരുത്തേകാൻ സുസുക്കി; 200 മില്യൺ ഡോളർ നിക്ഷേപിക്കും

ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലും മറ്റുമുള്ള വിവിധ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനായി പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷൻ 200 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു. സുസുക്കിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഉപസ്ഥാപനമായ ‘നെക്സ്റ്റ് ഭാരത് വെഞ്ചേഴ്സ്’ (Next Bharat Ventures) രൂപീകരിച്ച രണ്ടാമത്തെ ഫണ്ടായ ‘നെക്സ്റ്റ് ഭാരത് വെഞ്ച്വർ ഫണ്ട്-2’ വഴിയാകും ഈ തുക നിക്ഷേപിക്കുക. വാഹന നിർമ്മാണ മേഖലയ്ക്ക് അപ്പുറം ഗ്രാമീണ വികസനത്തിൽ കൂടുതൽ പങ്കാളികളാകാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

2024 ജൂലൈയിൽ 40 മില്യൺ ഡോളറുമായി ആരംഭിച്ച ഇവരുടെ ആദ്യ ഫണ്ട് ഇതിനോടകം തന്നെ കാർഷിക, ഭക്ഷ്യ സംസ്കരണ മേഖലകളിലെ 15-ഓളം കമ്പനികൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഇതിന് പുറമെ, ഇന്ത്യയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹിക സംരംഭകർക്കായി ‘നെക്സ്റ്റ് ഭാരത് റെസിഡൻസി’ എന്ന പേരിൽ ഒരു പ്രത്യേക പ്രോഗ്രാമും കമ്പനി നടത്തുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് ഫണ്ടിംഗ്, മികച്ച മാർഗ്ഗനിർദ്ദേശങ്ങൾ (mentorship), വിപണിയിലെ പുതിയ സാധ്യതകൾ എന്നിവ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.

വാഹന നിർമ്മാണ മേഖലയ്ക്ക് അപ്പുറം കാർഷികം, സാമ്പത്തികം, സപ്ലൈ ചെയിൻ തുടങ്ങിയ കൂടുതൽ മേഖലകളിലേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിരോ സുസുക്കി വ്യക്തമാക്കി. മൊബിലിറ്റി സെക്ടറിന് പുറത്തുള്ള കോടിക്കണക്കിന് ജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കാനും, സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ‘വികസിത് ഭാരത് 2047’ (Viksit Bharat 2047) പദ്ധതിക്ക് പിന്തുണ നൽകാനുമാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

Category

Author

:

Gayathri

Date

:

ജൂലൈ 6, 2026

Share

:

Join our WhatsApp Group for more updates!

Recent Posts